
ദില്ലി : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിൽ എന്നപോലെ കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് മോദി വിമർശിച്ചു. കോൺഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാൻ ബിജെപിക്ക് കഴിഞ്ഞു. സർക്കാർ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. നാഗാലാൻഡ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കൻ സംസ്ഥാനങ്ങളോട് മുൻപുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറിയെന്നും മോദി പറഞ്ഞു.
അതേസമയം ലോക സാമ്പത്തികരംഗം ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജി-20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഓൺലൈനായാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. ലോകത്തെ ഏറ്റവും ദരിദ്രരെ എങ്ങനെ സഹായിക്കാമെന്നതായിരിക്കണം ജി - 20 രാജ്യങ്ങളുടെ പ്രധാനലക്ഷ്യമെന്ന് മോദി പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയുന്ന കാലമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശ്വാസ്യതയോടെ പണമിടപാടുകൾ നടത്താനാകണം. ഇന്ത്യയുടെ യുപിഐ സംവിധാനം ഇതിനുദാഹരണമാണ്. യുപിഐ ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി യോഗത്തിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam