
ലണ്ടൻ: ലോകരാജ്യങ്ങളിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കിയിരിക്കുകയാണ് ലോകനേതാക്കൾ. പകരം കൈ കൂപ്പി നമസ്തേ പറഞ്ഞാണ് പരസ്പരം അഭിവാദ്യം ചെയ്യുന്നത്. ഹസ്തദാനം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന വിവരങ്ങളെ തുടര്‍ന്നാണ് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ നമസ്‌തെയ്ക്ക് ലോകനേതാക്കൾക്കിടയിൽ പ്രചാരം കൈവന്നിരിക്കുന്നത്.
ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകള്‍ കൂപ്പി സ്വീകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ വലിയ തോതില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പർവീൺ കസ്വാൻ എന്നയാളാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ലണ്ടണിലെ പലേഡിയത്തില്‍ നടന്ന പ്രിന്‍സെസ് ട്രസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
"
പരിപാടി നടക്കുന്ന വേദിക്കരികിലേക്ക് ചാള്‍സ് രാജകുമാരന്‍ കാറില്‍ വന്നിറങ്ങുന്നു. സ്വീകരിക്കാനെത്തിയ വ്യക്തിക്ക് ഹസ്തദാനം നല്‍കാനൊരുങ്ങി, പെട്ടെന്ന് ഓര്‍മ വന്നതുപോലെ അദ്ദേഹം കൈകള്‍ കൂപ്പുന്നതും പിന്നീട് ഓരോ ആളിന്റെയും മുന്നിലെത്തി നമസ്‌തെ രീതിയില്‍ അവരെ അഭിവാദ്യം ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. കൊറോണയ്ക്കെതിരെയുള്ള പ്രതിരോധമെന്ന നിലയിൽ ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ നമസ്‌തെ ഉപയോഗിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് നമസ്‌തേ രീതിയിലായിരുന്നു. ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കിടെ എങ്ങനെയാണ് നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇരുവരും പരസ്പരം കൈകള്‍ കൂപ്പുന്നതിന്റെ ചിത്രങ്ങള്‍ പിന്നീട് വൈറലായി. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അഭിവാദ്യം അത്യാവശ്യമാണെന്ന് ഇവർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam