
ഒരു നേരം കഴിക്കാനുള്ള ഭക്ഷണത്തിന് പോലും വകയില്ലാതെ വരുമ്പോഴാണ് ആളുകള്‍ ഭിക്ഷാടനത്തിന് ഇറങ്ങാറുള്ളത്. എന്നാല്‍, ചില ആളുകള്‍ക്കെങ്കിലും ഇത് ലാഭകരമായ ഒരു ബിസിനസും തൊഴിലുമാണ്. അത്തരത്തിൽ ഒരാളാണ് ഭരത് ജെയിൻ. 7.5 കോടി രൂപയുടെ ആസ്തിയുള്ള ഭരത് ജെയിൻ ലോകത്തിലെ ഏറ്റവും ധനികനായ യാചകനാണെന്നാണ് പറയപ്പെടുന്നത്. 54 വയസുള്ള ഭരത് ജെയിൻ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് താമസിക്കുന്നത്.
കൗമാരപ്രായം മുതൽ തുടങ്ങി 40 വർഷത്തിലേറെയായി ഭരത് ജെയിൻ ഭിക്ഷാടനം തൊഴില്‍ ആക്കിയിരിക്കുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷൻ (സിഎസ്എംടി) അല്ലെങ്കിൽ ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിലാണ് ഭരത് ജെയിൻ യാചിക്കുക. അവിടെ അയാൾക്ക് പ്രതിദിനം 2,000 മുതൽ 2,500 രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്നുണ്ട്. ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്നു.
അവധികളോ ഇടവേളകളോ എടുക്കാറില്ല. ഇതിലൂടെ മുംബൈയിൽ വിലപിടിപ്പുള്ള സ്വത്തുക്കൾ ഉള്ള ഒരു ധനികനായി മാറാൻ ഭരത് ജെയിന് സാധിച്ചു. പരേലിൽ 1.2 കോടി രൂപ വിലമതിക്കുന്ന 2 ബിഎച്ച്കെ ഫ്ലാറ്റ് സ്വന്തമാക്കി. അവിടെ ഭാര്യ, രണ്ട് ആൺമക്കൾ, സഹോദരൻ, പിതാവ് എന്നിവരോടൊപ്പം ഭരത് ജെയിൻ താമസിക്കുന്നത്. കുട്ടികളെ ഒരു പ്രശസ്തമായ കോൺവെന്‍റ് സ്കൂളിൽ ചേർത്തത്. അവിടെ അവർ വിദ്യാഭ്യാസം പൂർത്തിയാക്കി.
ഭരത് ജെയിനിന്‍റെ മറ്റ് കുടുംബാംഗങ്ങൾ ഒരു സ്റ്റേഷനറി സ്റ്റോർ നടത്തുകയാണ്. താനെയിൽ രണ്ട് കടകളും അദ്ദേഹത്തിനുണ്ട്. അതിന് പ്രതിമാസം 30,000 രൂപ വാടക ലഭിക്കും. കുടുംബം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭിക്ഷാടനം ഉപേക്ഷിക്കാൻ ഭരത് ജെയിൻ തയാറായിട്ടില്ല. ഭിക്ഷാടനം ആസ്വദിക്കുകയാണെന്നും ജീവിതശൈലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഭരത് ജെയിൻ പറയുന്നത്. ഭിക്ഷാടനം ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അത്യാഗ്രഹം കൊണ്ടല്ലെന്നും പറയുന്ന ഭരത് ജെയിൻ ക്ഷേത്രങ്ങൾക്കും ചാരിറ്റികൾക്കും പണം സംഭാവന നല്‍കുന്നുണ്ടെന്നും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam