മോദിയെ വിമർശിച്ച് ടൈം മാഗസിനിൽ ലേഖനമെഴുതി; ആതിഷ് അലി തസീറിന്‍റെ ഇന്ത്യൻ പൗരത്വ പദവി റദ്ദാക്കി

Published : Nov 08, 2019, 11:04 AM IST
മോദിയെ വിമർശിച്ച് ടൈം മാഗസിനിൽ ലേഖനമെഴുതി; ആതിഷ് അലി തസീറിന്‍റെ ഇന്ത്യൻ പൗരത്വ പദവി റദ്ദാക്കി

Synopsis

എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്. ഈ അവകാശങ്ങള്‍ എല്ലാം ആതിഷിന് ഇനി നഷ്ടമാകും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ 'ഡിവൈഡര്‍ ഇന്‍ ചീഫ്' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരന്‍ ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി. ഓവര്‍സീസ് പൗരത്വമാണ് റദ്ദാക്കിയത്. നിരവധി തവണ ആതിഷിന് ഇന്ത്യയില്‍ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്.

ഈ അവകാശങ്ങള്‍ എല്ലാം ആതിഷിന് ഇനി നഷ്ടമാകും. അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തതിനാലാണ് പൗരത്വം റദ്ദാക്കിയതെന്നാണ് സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രതികരണം.  ടൈം മാഗസിന്‍ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനായി അപേക്ഷ നല്‍കുമ്പോള്‍ പിതാവ് പാക് സ്വദേശിയാണെന്ന വിവരം ആതിഷ് മറച്ചുവെച്ചുവെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദമാക്കുന്നത്. 2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയിലായിരുന്നു പ്രധാനമന്ത്രിയെ വിഭാഗീയതയുടെ തലവനെന്ന് ആതിഷ് അഭിസംബോധന ചെയ്തത്.

പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമര്‍ശിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍ വലിയ വിഭാഗീയതയാണ് നരേന്ദ്രമോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ആതിഷിന്‍റെ ലേഖനം അവകാശപ്പെട്ടത്. ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ആതിഷിന്‍റെ ലേഖനത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു.

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന്‍ സിങിന്‍റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്‍റേയും മകനാണ് ആതിഷ് തസീര്‍. ബിസിനസുകാരനും സ്വതന്ത്ര നിലപാടുള്ള രാഷ്ട്രീയക്കാരനുമായ സല്‍മാന്‍ തസീറിനെ 2011 കൊലപ്പെടുത്തുകയായിരുന്നു. ആതിഷ് തസീര്‍ ലണ്ടനില്‍ ജനിക്കുകയും ഇന്ത്യയില്‍ വളരുകയും ചെയ്തയാളാണ്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുളള വ്യക്തിയാണ് ആതിഷ്. ടൈം മാഗസിനിലെ ലേഖനം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ആതിഷ് വിധേയനായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് സഹോദരിമാരുടെ ആത്മഹത്യ: ജീവനൊടുക്കിയത് മൊബൈൽ വിറ്റതിൽ? കുട്ടികളുടെ അച്ഛന് 2 കോടി കടം! ഓൺലൈൻ ഗെയിം ടാസ്കെന്ന് ആവർത്തിച്ച് പിതാവും
പ്ലസ് ടു വിദ്യാർഥിയുടെ ശല്യം സഹിക്കാതെ ടീച്ചർ സ്കൂൾ മാറിപ്പോയി, അധ്യാപികയെ പിന്തുടർന്ന് ചുണ്ടുകൾ അറുത്ത് വിദ്യാർഥി