
ഉറുമ്പുകൾ കാരണം ജീവിതം വഴിമുട്ടിയ ഒരു കൂട്ടം മനുഷ്യര്‍. ദിണ്ടിക്കൽ ജില്ലയിലെ ആറ് മലയോര ഗ്രാമങ്ങളിൽ ഉറുമ്പ് ശല്യം കാരണം നാട്ടുകാർ വീട് വിട്ടോടേണ്ട നിലയാണ്. ഉറുമ്പ് പെരുകിപ്പെരുകി കന്നുകാലികളുടെ ജീവനടക്കം ഭീഷണിയായെന്ന് ഗ്രാമീണർ പറയുന്നു. ഒരു പ്രദേശത്തിന്‍റെയാകെ സ്വാസ്ഥ്യവും സന്തുലിതാവസ്ഥയും ഉറുമ്പുപട തകിടം മറിച്ചിരിക്കുകയാണ്.
എവിടെ നോക്കിയാലും ഉറുമ്പ്.. കറന്തമലയുടെ താഴ്വരയിലെ ഓരോ ഇഞ്ചിലും ഉറുമ്പരിക്കുന്നു. സെർവീട്, കുറ്റൂർ, എസ്കോടൈ, വേലായുധംപട്ടി, ഉളുപ്പക്കുടി, പന്നൈക്കാട് തൊട്ടുതൊട്ടുകിടക്കുന്ന കാർഷിക ഗ്രാമങ്ങളില്‍ എവിടെയും സർവത്ര ഉറുമ്പാണ്. കാട്ടിൽ നിന്ന് മലയടിവാരത്തേക്കും അവിടുന്ന് ജനവാസമേഖലയിലേക്കും ഉറുമ്പുപട അരിച്ചിറങ്ങുന്നു. നാട്ടിലെല്ലാം കാണുന്നയിനം യെല്ലോ ക്രേസി ആന്‍റ്സ് എന്ന ചോണൻ ഉറുമ്പുകളാണിവ. കടിക്കില്ല, പക്ഷേ ഒരു നിമിഷം അടങ്ങിയിരിക്കാതെ തിരക്കുപിടിച്ച് ഓടിനടക്കും. ഇവർക്കിടയിൽ ഒന്നു ചവിട്ടിപ്പോയാൽ കാലിലൂടെ ശരീരത്തിലേക്ക് അരിച്ചുകയറും. തൂത്തുകളയാൻ നോക്കിയാൽ ഫോർമിക് ആസിഡ് അടങ്ങുന്ന ശരീരദ്രവം തെറിപ്പിച്ച് പ്രതിരോധിക്കും.
ഉറുമ്പിന്‍റെ സ്രവം വീണ് ചർമത്തിൽ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നുവെന്ന് ഗ്രാമീണർ പറയുന്നു. ഉറമ്പ് ശല്യം കാരണം പ്രദേശത്തെ കൃഷിയിടങ്ങളിൽ ആളുകൾ പണിക്കിറങ്ങാതെയായി. ആടുകളുടെ കണ്ണിൽ ഉറുമ്പ് കൂട്ടത്തോടെ അരിച്ചുകയറി ആസിഡ് ആക്രമണം നടത്തുന്നുവെന്നും അങ്ങനെ ആടുകൾ അന്ധരാവുന്നുവെന്നുമാണ് ഗ്രാമീണരുടെ മറ്റൊരു പരാതി. ഉറുമ്പിന്‍റെ ആക്രമണത്തിൽ മൃഗങ്ങളുടെ കാഴ്ച പോകുന്നുവെന്നതിന് ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് പഠനങ്ങൾ തെളിയിക്കേണ്ടതാണ്. പക്ഷേ, പ്രദേശത്തുള്ളവരുടെ ആട്ടിൻപറ്റത്തിലിലെല്ലാം അന്ധരായ ആടുകളെ കാണാം.
വനംവകുപ്പ് ഗ്രാമീണരുടെ ആവലാതികൾ തള്ളിക്കളയുന്നില്ല. പക്ഷേ ശാസ്ത്രീയമായ പഠനത്തിന് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ലക്കും ലഗാനുമില്ലാതെ ഉറുമ്പ് പെരുകിയതോടെ മലയടിവാരങ്ങളിൽ താമസിച്ചിരുന്നവർ വീടുപേക്ഷിച്ച് പോയി. പ്രദേശത്ത് മുമ്പ് ധാരാളമായി കണ്ടിരുന്ന കുരങ്ങും മുയലുമൊക്കെ ഇവിടം വിട്ടുപോയെന്നും നാട്ടുകാർ പറയുന്നു.