
ദില്ലി: യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിന്റെ 1,400 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലണ്ടൻ, ന്യൂയോർക്ക്, മുംബൈ എന്നിവിടങ്ങളിലെ ആസ്തികളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ വാധ്വാൻ, ധീരജ് വാധ്വാൻ എന്നിവരുടെ 1,400 കോടിയുടെ സ്വത്തും കണ്ടുകെട്ടി.
റാണ കപൂറിന്റെയും കുടുംബത്തിന്റേയും മുംബൈയിലെ പാർപ്പിട സമുച്ചയവും നിരവധി ഫ്ളാറ്റുകളും പിടിച്ചെടുത്തു. 685 കോടി രൂപ വിലമതിക്കുന്ന ഡൽഹി അമൃത ഷെർഗിൽ മാർഗിലെ ഒരു ബംഗ്ലാവും പിടിച്ചെടുത്തവയിൽ ഉണ്ട്. സ്ഥിര നിക്ഷേപത്തിൽ 50 കോടി രൂപയും ഏജൻസി പിടിച്ചെടുത്തു.
കപൂറും കുടുംബവും കൈക്കൂലി വാങ്ങി വൻതുക വായ്പ നൽകി ബാങ്കിന് 4,300 കോടി രൂപയുടെ കിട്ടാക്കടമുണ്ടാക്കിയതായി ഇഡി ആരോപിക്കുന്നു. കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ കപൂർ ജുഡീഷൽ കസ്റ്റഡിയിലാണ്.
അതേസമയം ഫോളോ-ഓണ് പബ്ലിക് ഓഫറിംഗ് (എഫ്പിഒ) വഴി 15,000 കോടി രൂപ സമാഹരിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗിൽ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് വ്യക്തമാക്കി. പുതിയ ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്യുന്നതിലൂടെ തുക സമാഹരിക്കുന്നതിന് മുന്നോടിയായുളള റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പുറത്തിറക്കിയതായി ബാങ്ക് ഫയലിംഗിൽ വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം, യെസ് ബാങ്കിന് നടപടികളുമായി മുന്നോട്ട് പോകാൻ ഡയറക്ടർ ബോർഡിന്റെ ക്യാപിറ്റൽ റൈസിംഗ് കമ്മിറ്റി (സിആർസി) യിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.
എഫ്പിഒ ജൂലൈ 15 ന് തുറന്ന് ജൂലൈ 17 ന് അവസാനിക്കും. ഇക്വിറ്റി ഷെയറുകൾ രണ്ട് രൂപ മുഖവില നിരക്കിൽ വാഗ്ദാനം ചെയ്യുമെന്നും ഫയലിംഗിൽ വ്യക്തമാക്കി. രണ്ടായിരം കോടി രൂപയുടെ ഓഹരികൾ ബാങ്കിലെ ജീവനക്കാർക്കായി നീക്കിവയ്ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam