ഹാഥ്റസിലെ തിരിച്ചടി മറികടക്കാൻ സ്ത്രീസുരക്ഷ മുൻനി‍‍ർത്തി പ്രചാരണം തുടങ്ങി യോ​ഗി ആദിത്യനാഥ്

By Web TeamFirst Published Oct 18, 2020, 1:28 PM IST
Highlights

ഹാഥ്റസ് ബലാൽസംഗക്കൊലയും തുടന്നുള്ള സംഭവവികാസങ്ങളും ദേശീയതലത്തിൽ യുപി സർക്കാരിന് വലിയ ക്ഷീണമായിരുന്നു. കോൺഗ്രസ് തുടക്കത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. 

ലക്നൗ: ഹാഥ്റസ് ബലാത്സം​ഗക്കൊല ദേശീയതലത്തിൽ തിരിച്ചടിയായതോടെ സ്ത്രീസുരക്ഷയ്ക്ക് ഒരു വർഷത്തെ പ്രചാരണം തുടങ്ങി യോഗി ആദിത്യനാഥ് സർക്കാർ. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ കർശനനിലപാട് ഉണ്ടാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം ഹാഥ്റസിലേക്ക് പോകും വഴി അറസ്റ്റിലായ സിദ്ദിഖ് കാപ്പനെ കൂടുതൽ കേസുകളിൽ ഉൾപ്പെടുത്താനുള്ള നീക്കം പത്രപ്രവർത്തകയൂണിയനും കുടുംബവും സുപ്രീംകോടതിയെ അറിയിക്കും.

ഹാഥ്റസ് ബലാൽസംഗക്കൊലയും തുടന്നുള്ള സംഭവവികാസങ്ങളും ദേശീയതലത്തിൽ യുപി സർക്കാരിന് വലിയ ക്ഷീണമായിരുന്നു. കോൺഗ്രസ് തുടക്കത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ഒരു വർഷത്തിനപ്പുറം തെരഞ്ഞെടുപ്പ് നേരിടേണ്ട യോഗി ആദിത്യനാഥ് സ്ത്രീവോട്ടർമാരുടെ രോഷം തണുപ്പിക്കാനുള്ള നീക്കം ഈ സാഹചര്യത്തിൽ തുടങ്ങിയിട്ടുണ്ട്. 

മിഷൻ ശക്തി എന്ന പേരിൽ പ്രചാരണത്തിന് തുടക്കമിട്ട യോഗി ആദിത്യനാഥ് സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. പ്രചാരണത്തിൻറെ രണ്ടാം ഘട്ടത്തിൽ സ്തീകളെ ശല്യപ്പെടുത്തുന്നവർക്ക് സാമൂഹ്യബഹിഷ്ക്കരണം ഉൾപ്പടെ നടപ്പാക്കുമെന്നാണ് യോഗിയുടെ പ്രഖ്യാപനം. അതേസമയം ഹാഥ്റസ് ബലാത്സം​ഗക്കൊല അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകുന്നത് വൈകുകയാണ്. 

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കാണാൻ കഴിഞ്ഞ ദിവസം അഭിഭാഷകന് മഥുര കോടതി അനുവാദം നൽകിയിരുന്നില്ല. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിൽ ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഇപ്പോൾ മഥുര ജയിലിലുള്ള സിദ്ദിഖിനെയും മറ്റു മൂന്നു പേരെയും നാളെ ഹാഥ്റസ് കോടതിയിൽ ഹാജരാക്കിയേക്കും.

click me!