Latest Videos

മുസ്ലീങ്ങൾക്ക് പൗരത്വ നിയമ ഭേദ​ഗതിയുടെ ലഘുലേഖകൾ വിതരണം ചെയ്ത് യോ​ഗി ആദിത്യനാഥ്

By Web TeamFirst Published Jan 6, 2020, 12:13 PM IST
Highlights

''പൗരത്വ നിയമ ഭേദ​ഗതി, പൗരത്വം നൽകുന്നതിന് വേണ്ടിയുള്ളതാണ്, മറിച്ച് പൗരത്വം ഇല്ലാതാക്കാൻ വേണ്ടിയുള്ളതല്ല. എന്നാൽ ഈ വിഷയത്തിൽ ധാരാളം തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ട്.'' യോഗി ആദിത്യനാഥ് പറഞ്ഞു.  

ലക്നൗ: മുസ്ലീങ്ങൾക്ക് പൗരത്വ നിയമ ഭേ​ദ​ഗതിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ വായിച്ച് ഉത്തരം കണ്ടെത്തണമെന്ന് നിർദ്ദേശവും നൽകി. പൗരത്വ നിയമ ഭേ​ദ​ഗതിയിൽ ബിജെപി ദേശീയ വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാ​ഗമായിട്ടാണ് ലഘുലേഖ വിതരണം ചെയ്തത്.
 
''പൗരത്വ നിയമ ഭേദ​ഗതി, പൗരത്വം നൽകുന്നതിന് വേണ്ടിയുള്ളതാണ്, മറിച്ച് പൗരത്വം ഇല്ലാതാക്കാൻ വേണ്ടിയുള്ളതല്ല. എന്നാൽ ഈ വിഷയത്തിൽ ധാരാളം തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരിക്കുന്ന വ്യക്തി ദേശീയ പൗരത്വ രജിസ്റ്റർ പൂരിപ്പിക്കുന്നില്ലെങ്കിൽ, അദ്ദേഹം പ്രീണന രാഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് പറയാൻ  കഴിയും.'' ആദിത്യനാഥ് പറഞ്ഞു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ദേശീയ പൗരത്വ രജിസ്റ്റർ പൂരിപ്പിക്കാൻ തയ്യാറല്ല എന്ന് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തിയെ പരാമർശിച്ചായിരുന്നു യോ​ഗി ആദിത്യനാഥിന്റെ ഈ വാക്കുകൾ. 

പൗരത്വ നിയമ ഭേദ​ഗതിയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ നശിപ്പിക്കപ്പെട്ട പൊതുമുതൽ വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ''പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് പെൻഷൻ നൽകുമെന്നാണ് സമാജ് വാദി പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അവരുടെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. അവരുടെ പൂർവ്വികരുടെ ധനമാണ് ഉള്ളതെങ്കിലും അവർ നൽകും. അതുകൊണ്ടാണ് പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് തന്നെ അതിന്റെ നഷ്ടപരിഹാരം ഈടാക്കുമെന്ന് പറ‍ഞ്ഞത്.'' ആദിത്യനാഥ് വ്യക്തമാക്കി. 

​ഗോരഖ്പൂരിലെ ഹാജി ചൗധരി കൈഫുൽ വാര എന്ന വ്യക്തിയുടെ കടയിലാണ് യോ​ഗി ആദിത്യനാഥ് ആദ്യം ലഘുലേഖ വിതരണം ആരംഭിച്ചത്. ''ഇത് പൗരത്വ നിയമ ഭേദ​ഗതിയെക്കുറിച്ചുള്ള ലഘുലേഖയാണ്. വിശദമായി വായിച്ച് സംശയങ്ങൾ ദൂരീകരിക്കുക. ഈ വിഷയത്തിലെ ബോധവത്കരണ പരിപാടി ഇവിടെ നിന്ന് ആരംഭിക്കാമെന്ന് കരുതുന്നു.'' ലഘുലേഖ നൽകിക്കൊണ്ട് ആദിത്യനാഥ് കൂട്ടിച്ചേർത്തു. നിരവധി മുസ്ലീം സമുദായ നേതാക്കളെ ആദിത്യനാഥ് സന്ദർശിച്ചു. 

പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ച് ലഖ്നൗവിൽ സംഘടിപ്പിച്ച യോ​ഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് പങ്കെടുക്കുകയും പൗരത്വ നിയമ ഭേ​ദ​ഗതിയ്ക്കെതിരെ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 'എല്ലാ മതങ്ങളെയും ബഹുമാനിക്കുക' എന്നതാണ് ബിജെപിയുടെ സനാതന പാരമ്പര്യമെന്നും പാർട്ടി ഒരിക്കലും അതിനെതിരെ പ്രവർത്തിക്കുകയില്ലെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. എല്ലാ വീടുകളിലും എത്തി ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

click me!