
ലക്നൗ: ഗോവധ നിരോധന നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് പാസ്സാക്കി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭ. ചൊവ്വാഴ്ച വിളിച്ചു ചേർത്ത കാബിനറ്റ് മന്ത്രിമാരുടെ മീറ്റിംഗിലാണ് ഇക്കാര്യം അംഗീകരിച്ചത്. നിയമം ലംഘിക്കുന്നവർക്ക് പത്ത് വർഷത്തിന് മേൽ തടവ് ശിക്ഷ ലഭിക്കും. കൂടാതെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പ്രതികളുടെ ഫോട്ടോ പതിപ്പിക്കുകയും ചെയ്യും. കശാപ്പ് ചെയ്യുന്നതിന് വേണ്ടി പശുക്കളെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും കുറ്റാരോപിതരായി പരിഗണിക്കുമെന്നും ഓർഡിനൻസിൽ പറയുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷ്തയിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തത്. 1955 ലെ യുപി ഗോ വധ നിരോധന നിയമത്തിലെ സെക്ഷൻ 5 എ ഭേദഗതി നടത്തുന്നതിനുള്ള ഓർഡിനൻസാണ് അംഗീകരിക്കപ്പെട്ടത്. പശുക്കളെ കശാപ്പ് ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന നിയമമാണിത്. കൂടാതെ മൂന്ന് ലക്ഷം മുതൽ 5 ലക്ഷം വരെ രൂപ പിഴയായും അടയ്ക്കേണ്ടി വരും.
കശാപ്പിനായി കൊണ്ടു പോകുന്ന പശുക്കളെ വീണ്ടെടുത്ത് അവയുടെ ഉടമയുടെ അടുത്തെത്തിക്കുന്നത് വരെയുള്ള പരിപാലന ചിലവുകളും ഈടാക്കുന്നതിന് പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതിനൊപ്പം സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് കുറ്റം എതിർക്കാൻ അവസരം ലഭിക്കുന്നത് വരെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam