
ഡുംക(ഝാര്‍ഖണ്ഡ്): രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമ സംഭവങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ ജനങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അക്രമം പടര്‍ത്തുന്നവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ എന്‍റെ സഹോദരി സഹോദന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് അനുഭാവികളാണ് രാജ്യത്ത് അക്രമം പരത്തുന്നത്. അവര്‍ പറയുന്നത് കേള്‍ക്കാതെ വരുമ്പോള്‍ അവര്‍ രാജ്യത്ത് തീ വയ്പ് നടത്തുകയാണ് ചെയ്യുന്നത്.
പൗരത്വ നിയമഭേദഗതി നൂറ് ശതമാനം ശരിയാണെന്നാണ് രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ അക്രമങ്ങള്‍ തെളിയിക്കുന്നത്. രാജ്യത്തിന് വെളിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്. രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നേരെ പ്രതിഷേധം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അസമിന് പിന്നാലെ പൗരത്വനിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധം പശ്ചിമ ബംഗാളിലെങ്ങും വൻ രീതിയിലുള്ള അക്രമ സംഭവങ്ങളിലെത്തിയിരുന്നു. രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ കത്തിച്ച അക്രമികള്‍ രണ്ട് എക്സപ്രസ് തീവണ്ടികളും മൂന്നു ലോക്കൽ ട്രെയിനുകളും കത്തിച്ചിരുന്നു. ബസുകളും പൊലീസ് വാഹനങ്ങളും അക്രമികള്‍ കത്തിച്ചതോടെ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി മമതാ ബാനര്‍ജി എത്തിയിരുന്നു.
നേരത്തെ മമതാ ബാനർജി തന്നെ ബില്ലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്കിയിരുന്നു. പൊതുമുതൽ നശിപ്പിക്കുന്ന പ്രതിഷേധം പാടില്ലെന്ന മമത ബാനർജിയുടെ അഭ്യർത്ഥന ഉൾക്കൊള്ളുന്ന പരസ്യം എല്ലാ ടിവി ചാനലുകളിലും നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam