
ഷോർട്ട്സ് ധരിച്ചെത്തിയ ഒരു യുവാവിന് പാസ്പോർട്ട് ഓഫീസിൽ പ്രവേശനം നിഷേധിച്ചെന്ന റിപ്പോർട്ടുകളെച്ചൊല്ലി പുതിയ വിവാദം കനക്കുകയാണ് സോഷ്യൽ മീഡിയയിൽ. വ്യവസായിയും നിക്ഷേപകനുമായ വിനീതാണ് തന്റെ അനുഭവം എക്സിൽ കുറിച്ചത്. താൻ പാസ്പോർട്ട് ഓഫീസിലെ ക്യൂവിൽ ഊഴം കാത്തിരിക്കുമ്പോഴാണ് ഒരു യുവാവ് ഷോർട്ട്സ് ധരിച്ചെത്തിയതെന്നും ഈ വസ്ത്രം ധരിച്ച് ഓഫീസിൽ പ്രവേശിക്കാനാവില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചെന്നും ഇതൊരു ഓഫീസാണെന്ന് ഓർമിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ട്വീറ്റിൽ പറയുന്നു.
എന്നാൽ കോർപറേറ്റ് ഓഫീസുകളിൽ ഈ വസ്ത്രം ധരിച്ച് പോകാമെങ്കിൽ ഇതുപോലൊരു ഓഫീസിൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന് യുവാവ് തിരിച്ച് ചോദിച്ചു. പിന്നീട് യുവാവിന്റെ പിതാവ് തങ്ങൾ വളരെ ദൂരെ നിന്ന് വരികയാണെന്നും ഓഫീസിൽ പ്രവേശിപ്പിക്കണമെന്നും ഓഫീസറോട് അപേക്ഷിച്ചതിന് ശേഷമാണത്രെ ഇയാളെ അകത്ത് കടക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സമ്മതിച്ചത്. ചിലർ ഓഫീസിനോടും ഉദ്യോഗസ്ഥരോടും ഒരു ബഹുമാനവും കാണിക്കാറില്ലെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായി വിനീതിന്റെ കുറിപ്പിലുണ്ട്.
ഇത്തരം വസ്ത്രം സ്ത്രീകളെയും പ്രായമായവരെയും അസ്വസ്ഥരാക്കുമെന്നായിരുന്നത്രെ സെക്യൂരിറ്റിയുടെ വാദം. യുവതലമുറയെക്കുറിച്ചുള്ള ആശങ്കകളും മാതാപിതാക്കൾ അവരെ ഗുണദോശിക്കാത്തതിനെക്കുറിച്ചുമൊക്കെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞെന്നും വിനീത് കൂട്ടിച്ചേർത്തു. സംഭവത്തിൽ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാദപ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത്.
ഫീസ് അടച്ച് ഒരു സേവനത്തിനായി പാസ്പോർട്ട് ഓഫീസിൽ വരുന്നവർ എന്തെങ്കിലും പ്രത്യേക ഡ്രസ് കോഡ് പാലിക്കണമെന്നുണ്ടെങ്കിൽ അത് സംബന്ധിച്ച് നേരത്തെ വെബ്സൈറ്റിലൂടെയോ മറ്റോ അറിയിപ്പ് നൽകണമെന്നും അതല്ലാതെ വരുന്നവരെ അകത്ത് കയറ്റാതിരിക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ റോഡിൽ ഇറങ്ങുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പോലെ പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അത് പാലിച്ചെന്ന് കരുതി ആരും മോശക്കാരാവില്ലെന്നുമാണ് മറുവശത്തിന്റെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം