കോടതിയിൽ സംരക്ഷണം ആവശ്യപ്പെട്ട ദമ്പതികൾക്ക് നേരെ വെടിവെപ്പ്, യുവാവ് കൊല്ലപ്പെട്ടു, ഭാര്യ ​ഗുരുതരാവസ്ഥയിൽ

By Web TeamFirst Published Jun 26, 2021, 5:27 PM IST
Highlights

യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. രക്ഷിതാക്കളുടെ സമ്മതമില്ലാതെയാണ് വിനയ്‍യും ഭാര്യ കിരണും വിവാഹിതരായത്. 

ദില്ലി: ഹൈക്കോടതിയിൽ സംരക്ഷണം ആവശ്യരപ്പെട്ട കഴിഞ്ഞ വർഷം വിവാഹിതരായ ദമ്പതികൾക്ക് നേരെ  വെടിയുതിർത്തു. വ്യാഴാഴ്ച രാത്രി ദില്ലിയിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. 23കാരനായ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 19 കാരിയായ ഭാര്യ ആക്രണത്തിൽ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 

യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. രക്ഷിതാക്കളുടെ സമ്മതമില്ലാതെയാണ് വിനയ്‍യും ഭാര്യ കിരണും വിവാഹിതരായത്. നാല് വെടിയുണ്ടകളാണ് വിനയ്‍യുടെ നെഞ്ചിൽ നിന്നും വയറ്റിൽനിന്നുമായി  ലഭിച്ചത്. കിരണിന് കഴുത്തിലാണ് മുറിവേറ്റിരിക്കുന്നത്. 

രാത്രിയിൽ വിനയ്‍യുടെ വീട്ടിൽ നിന്ന് നിരവധി തവണ വെടിയുതിർക്കുന്ന ശബ്ദം കേട്ടു. ഭയന്ന് നോക്കിയപ്പോൾ ഭാര്യയുമൊത്ത് ഓടുന്ന വിനയ്‍യെ കുറച്ചുപേർ ചേർന്ന് പിന്തുടരുന്നതാണ് കണ്ടതെന്ന് ഇരുവരും താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിരൺ ആണ് ആക്രമണത്തിനുപിന്നിൽ തന്റെ  പിതാവും അമ്മാവനും ബന്ധുവുമാണെന്ന് പൊലീസിന് മൊഴി നൽകിയത്. കിരണിന്റെ നില ​ഗുരുതരമായി തുടരുകയാണ്. 

തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരുടെ ആരോപണത്തിലെ യാഥാർത്ഥ്യം പരിശോധിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്ക് കിരണിന്റെ ബന്ധുവിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.

2020 ഓ​ഗസ്റ്റ് 13നാണ് ഇരുവരും വിവാഹിതരായത്. ഇതേ ​ദിവസം തന്നെ മകളെ തട്ടിക്കൊണ്ടുപോയെന്ന് കിരണിന്റെ കുടുംബം സൊനേപത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കിരണും വിനയ്‍യും ഹൈക്കോടതിയെ സമീപിച്ചതോടെ ഈ കേസ് തള്ളിപ്പോകുകയായിരുന്നു. 

click me!