ദില്ലി കലാപം കവര്‍ന്നെടുത്ത ജീവന്‍; പ്രണയദിനത്തില്‍ വിവാഹിതനായ യുവാവ് 11 ാം നാള്‍ വെടിയേറ്റ് മരിച്ചു

By Web TeamFirst Published Feb 26, 2020, 7:50 PM IST
Highlights

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അഷ്ഫാക്ക് വെടിയേറ്റ് മരിച്ചതെന്ന് അമ്മാവന്‍

ദില്ലി പൊലീസാണ് അഷ്ഫാക്കിനെ വെടിവച്ച് കൊന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും അമ്മാവന്‍ പറയുന്നു

ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം ദില്ലിയിലെ തെരുവുകളില്‍ കലാപമായി പടരുകയാണ്. ദിവസങ്ങള്‍ പിന്നിട്ട കലാപത്തിനിടെ നിരവധി സാധാരണക്കാരാണ് പിടഞ്ഞുവീണ് മരിക്കുന്നത്. വെടിവയ്പ്പും കല്ലേറും  തീവയ്പ്പുമെല്ലാം മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കുമ്പോള്‍ വടക്ക് കിഴക്കന്‍ ദില്ലി കണ്ണീരാല്‍ മുഖരിതമാകുകയാണ്. അതിനിടയിലാണ് വിവാഹം കഴിഞ്ഞതിന്‍റെ പതിനൊന്നാം നാള്‍ കലാപത്തിനിടെ ഭര്‍ത്താവിന്‍റെ ജീവന്‍ നഷ്ടപ്പെട്ട യുവതിയുടെ വാര്‍ത്തകളും നിറയുന്നത്.

കലാപത്തിനിടെ വെടിയേറ്റ് മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഇരുപത്തിരണ്ടുകാരനായ ഇലക്ട്രീഷ്യന്‍ അഷ്ഫാക്ക് ഹുസൈന്‍റെ മരണവാര്‍ത്തയും പുറത്തുവന്നത്. മുസ്തഫബാദിലായിരുന്നു അഷ്ഫാക്ക് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അഷ്ഫാക്ക് വെടിയേറ്റ് മരിച്ചതെന്ന് അദ്ദേഹത്തിന്‍റെ അമ്മാവന്‍ ഷരീഫുള്‍ ഹുസൈന്‍ വ്യക്തമാക്കി. ദില്ലി പൊലീസാണ് അഷ്ഫാക്കിനെ വെടിവച്ച് കൊന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും അദ്ദേഹം വിവരിച്ചു.

പ്രണയദിനമായ ഫെബ്രുവരി 14 നായിരുന്നു അഷ്ഫാക്കിന്‍റെ വിവാഹം കഴിഞ്ഞത്. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഷ്ഫാക്കിന്‍റെ അമ്മാവന്‍ വ്യക്തമാക്കി. ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ അഷ്ഫാക്കിന്‍റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

ദില്ലി കലാപത്തില്‍ ആളുകള്‍ മരിച്ചതെങ്ങനെ? വിവരങ്ങള്‍ പുറത്തുവിട്ട് ആശുപത്രി

click me!