35 രൂപ റീഫണ്ടിനായി റെയില്‍വേയുമായി യുവാവ് പോരാടിയത് രണ്ട് വര്‍ഷം; പിന്നീട് സംഭവിച്ചത്

By Web TeamFirst Published May 9, 2019, 10:25 AM IST
Highlights

65 രൂപക്ക് പകരം 100 രൂപ ഈടാക്കി ബാക്കി 665 രൂപയാണ് ഐആര്‍സിടിസി റീഫണ്ട് നല്‍കിയത്. 

ജയ്പൂര്‍: ട്രെയിന്‍ ടിക്കറ്റ് കാന്‍സലായപ്പോള്‍ ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്ക് യുവാവ് ഐആര്‍സിടിസിയുമായി പോരാടിയത് രണ്ട് വര്‍ഷം. ഒടുവില്‍ രണ്ട് രൂപ സര്‍വിന് നികുതി ഈടാക്കി 33 രൂപ റെയില്‍വേ തിരിച്ചു നല്‍കി. രാജസ്ഥാനിലെ കോട്ടയിലെ എന്‍ജിനായറായ യുവാവാണ് 35 രൂപയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയത്. 

2017 ഏപ്രിലിലാണ് കോട്ടയില്‍നിന്ന് ദില്ലിയിലേക്ക് സുജീത് സ്വാമി ടിക്കറ്റ് ബുക്ക് ചെയ്തത്. ജൂലൈ രണ്ടിനായിരുന്നു യാത്ര. 765 രൂപയായിരുന്നു ചാര്‍ജ്. ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലായതിനെ തുടര്‍ന്ന് കാന്‍സല്‍ ചെയ്തു. 65 രൂപക്ക് പകരം 100 രൂപ ഈടാക്കി ബാക്കി 665 രൂപയാണ് ഐആര്‍സിടിസി റീഫണ്ട് നല്‍കിയത്. തുടര്‍ന്നാണ് യുവാവ് ബാക്കി ലഭിക്കാനുള്ള പണത്തിന് നിയമപരമായി നീങ്ങിയത്. വിവരാവകാശ നിയമപ്രകാരം റെയില്‍വേക്ക് നല്‍കിയ അപേക്ഷയില്‍ 35 രൂപ ബാക്കി നല്‍കാനുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്ന് 2018 ഏപ്രിലില്‍ ലോക് അദാലത്തില്‍ പരാതി നല്‍കി. ജിഎസ്ടി പ്രകാരമാണ് 100 രൂപ ഈടാക്കിയെന്ന വാദവും യുവാവ് പൊളിച്ചു. ജിഎസ്ടി നടപ്പാക്കും മുമ്പാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും അതുകൊണ്ട് തന്നെ 35 രൂപ ഈടാക്കുന്നത് നിയമപരമായി തെറ്റാണെന്നും ചൂണ്ടിക്കാട്ടി.

ഒടുവില്‍ മെയ് ഒന്നിനാണ് 33 രൂപ യുവാവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിയത്. രണ്ട് രൂപ സേവന നികുതിയായി പിടിച്ചു. രണ്ട് രൂപ പിടിച്ചുവെച്ച റെയില്‍വേ തന്നെ അപമാനിച്ചുവെന്നും മുഴുവന്‍ പണം കിട്ടാനായി ഇനിയും കേസ് ഫയല്‍ ചെയ്യുമെന്നും യുവാവ് പറഞ്ഞു.വ്യക്തിപരമായ കാര്യമല്ല ഇത്. ജിഎസ്ടി നടപ്പാക്കും മുമ്പ് ഒമ്പത് ലക്ഷം ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്തതും ജൂലൈ ഒന്നിനും 11നും ഇടയില്‍ കാന്‍സല്‍ ചെയ്തതും. നിയമവിരുദ്ധമായി 3.34 കോടി രൂപയാണ് റെയില്‍വേ ഈടാക്കിയത്. പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം'.- സുജീത് സ്വാമി പറഞ്ഞു. 

click me!