
ഭുവനേശ്വർ: വിവാഹ മോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. ഒഡിഷയിലെ ജാജ്പുർ സ്വദേശിയായ സൗമ്യ രഞ്ജൻ സമാലി(23)നെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശുഭശ്രീ ബെഹ്റ(23), കാമുകൻ തപൻ ഖില്ലാർ(26), ഇയാളുടെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, സുരാജ്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.സുരാജും അങ്കിത്തുമാണ് പ്രതികൾക്ക് തോക്ക് നിർമിച്ചുനൽകിയത്. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
ശുഭശ്രീയും ഭർത്താവും കുറച്ച് നാളായി അകൽച്ചയിലായിരുന്നു. യുവതി അടുത്തിടെ സമാലിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ സമാൽ വിവാഹമോചനത്തിന് വിസമ്മതിച്ചു. മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്ന ശുഭശ്രീ അയാൾക്കൊപ്പം ജീവിക്കാൻ ഭർത്താവ് തടസമാണെന്ന് കണ്ടതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കാമുകന്‍റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് സൗമ്യ രഞ്ജൻ സമാലിനെ ബൈക്കിലെത്തിയ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. റോഡിൽവെച്ച് വെടിയേറ്റ യുവാവിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശുഭശ്രീയുടെ കാമുകൻ തപൻ ഖില്ലാർ ആണ് ബൈക്കിലെത്തിയ അക്രമിയെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പിന്നാലെ പൊലീസ് ശുഭശ്രീയടക്കമുള്ള കൂട്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam