
മുംബൈ: ജയിലിൽ കഴിയുമ്പോൾ വന്ന് കാണാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മോഷണക്കേസിൽ ജയിൽ വാസം അനുഭവിക്കുന്നതിനിടെ തന്നെ ജയിലിൽ വന്ന് കാണാതിരുന്നതിനേ ചൊല്ലിയുണ്ട തർക്കത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. മൊഹമ്മദ് നസീം ഖലീൽ അൻസാരി എന്ന യുവാവിനാണ് മുംബൈയിലെ സെഷൻസ് കോടതി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2019ലാണ് മൊഹമ്മദ് നസീം ഖലീൽ അൻസാരി മോഷണ കേസിൽ ജയിലിലായത്. ഈ കേസിൽ 2020 ഫെബ്രുവരി 26നാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഭാര്യ യാസ്മിൻബാനുവിനെ ഇയാൾ കൊലപ്പെടുത്തിയത്. ജയിലിൽ ഒരിക്കൽ പോലും വന്ന് സന്ദർശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. മൊഹമ്മദ് നസീം ഖലീൽ അൻസാരി ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയേയും ഇയാൾ മർദ്ദിച്ചിരുന്നു. അയൽവാസിയുടെ കുട്ടിയേയും മൊഹമ്മദ് നസീം ഖലീൽ അൻസാരി മർദ്ദിച്ചിരുന്നു.
അയൽവാസി പൊലീസിനെ വിളിച്ചതോടെ യുവാവ് യാസ്മിൻബാനുവിന്റെ വയറിൽ ക്രൂരമായി മർദ്ദിച്ചു. പിന്നാലെ യാസ്മിൻബാനു തളർന്ന് വീഴുകയായിരുന്നു. ഇതോടെ സമീപത്ത് കിടന്ന കല്ലെടുത്തും മൊഹമ്മദ് നസീം ഖലീൽ അൻസാരി ഭാര്യയെ മർദ്ദിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. സെവ്റി പൊലീസ് സ്റ്റേഷനിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റതെന്നാണ് ഇയാൾ കോടതിയിൽ വാദിച്ചത്. കേസിലെ പ്രധാനസാക്ഷിയായ അയൽവാസിയുമായി മുൻവൈരാഗ്യമുള്ളതിനാൽ പക പോക്കുകയാണെന്നുമാണ് ഇയാൾ കോടതിയിൽ വാദിച്ചത്. യാസ്മിൻബാനുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് യുവതിക്കേറ്റ പരിക്ക് വാഹനാപകടത്തിൽ നിന്നല്ല എന്ന് കോടതി കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam