മധ്യപ്രദേശിലെ സർക്കാർ ജോലികൾ തദ്ദേശീയര്‍ക്ക് മാത്രം; നിയമം ഉടൻ പാസ്സാക്കുമെന്ന് മുഖ്യമന്ത്രി ശിവ്‍രാജ് ചൗഹാൻ

By Web TeamFirst Published Aug 18, 2020, 5:01 PM IST
Highlights

യുവാക്കൾക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ജോലികൾ സംസ്ഥാനത്തെ ജനങ്ങൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
ശിവ്‍രാജ് സിം​ഗ് ചൗഹാൻ. 'മധ്യപ്രദേശ് സർക്കാർ ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ സർക്കാർ ജോലികൾ സംസ്ഥാനത്തെ യുവാക്കൾക്ക് മാത്രമായി നൽകുന്നതിന് ആവശ്യമായ നിയമനടപടികൾ ഉടൻ നടപ്പിലാക്കും. മധ്യപ്രദേശിലെ വിഭവങ്ങള്‍ അവിടെയുളള കുട്ടികൾക്ക് മാത്രമാണ്.' വീഡിയോ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി. 

മധ്യപ്രദേശിലെ യുവാക്കൾക്ക് സർക്കാർ ജോലികളിൽ മുൻ​ഗണന നൽകുമെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. 'മധ്യപ്രദേശിലെ യുവാക്കൾക്ക് സർക്കാർ ജോലികളിൽ മുൻ​ഗണന നൽകും. തൊഴിലവസരങ്ങൾ കുറവുള്ള സമയത്ത് നമ്മുടെ സംസ്ഥാനത്തെ യുവാക്കളെക്കുറിച്ച് ശ്രദ്ധിക്കേണ്ടത് നമ്മുടെ കടമയാണ്.' സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഞങ്ങളുടെ സർക്കാരിന് മുമ്പുള്ള നിങ്ങളുടെ 15 വർഷത്തെ ഭരണത്തിൽ എത്ര യുവാക്കൾക്ക് നിങ്ങൾ ജോലി നൽകിയിട്ടുണ്ട്? മുൻ മുഖ്യമന്ത്രി കമൽനാഥ് ട്വീറ്റിൽ ചോദിച്ചു. സംവരണം ഏർപ്പെടുത്താനുള്ള ഞങ്ങളുടെ സർക്കാരിന്റെ തീരുമാനത്തെ അനുകരിച്ച് തൊഴിൽ‌ പ്രതിസന്ധിയെക്കുറിച്ച് ഇപ്പോൾ നിങ്ങൾ ഉണർന്ന് ചിന്തിക്കുന്നുണ്ട്. ഇത് ഒരിക്കലും കടലാസ് പ്രസ്താവനയായി മാത്രം ഒതുങ്ങരുത്.' കമൽനാഥ് ട്വീറ്റ് ചെയ്തു. 


 

click me!