യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത, ചർച്ചയായി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമർശം

Published : Oct 18, 2026, 08:14 PM IST
CJI Surya kant

Synopsis

യുവാക്കൾ രാജ്യത്തെ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെയാണ് ഈ പരാമർശം എന്നത് ശ്രദ്ധേയമായി

ദില്ലി: ജനാധിപത്യത്തിൽ യുവാക്കൾ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ആരോഗ്യകരമായ പ്രവണതയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധേയമായ പരാമർശമുണ്ടായത്. ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് സൂര്യകാന്ത് ഇക്കാര്യം പറഞ്ഞത്. യുവാക്കൾ രാജ്യത്തെ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ഊർജസ്വലമായ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞുവച്ചത്. യുവതലമുറയുടെ ആശങ്കകളും പ്രതീക്ഷകളും കേൾക്കാൻ നീതിന്യായ സംവിധാനവും തയ്യാറാകണം. വിയോജിപ്പുകളെ ഭീഷണിയായി കാണരുതെന്നും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത കൈവിടരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അവധിയില്ലാത്ത പ്രതിഷേധം

അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഞായറാഴ്ച ദിവസമായ ഇന്നും ശക്തമായ പ്രതിഷേധം ഇരമ്പി. ഉച്ചക്ക് ശേഷം കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ (NSUI) പ്രവർത്തകർ ജന്തർമന്തറിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന ദില്ലി പൊലീസ് ഇടപെടുകയും, സമരം തുടർന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ രാജ്യതലസ്ഥാനത്ത് തുടരുകയാണ്.

ദസറ കഴിഞ്ഞ് പ്രക്ഷോഭം ശക്തമാകും

അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ അടുത്ത ഞായറാഴ്ചയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യാ സഖ്യം. ദസറക്ക് ഇടവേള നല്‍കിയുള്ള പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് നീക്കം. അടുത്ത ശനിയാഴ്ചയോടെ ദില്ലിയിലെത്താനുള്ള നിര്‍ദ്ദേശം എം പിമാര്‍ക്ക് നല്‍കും. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എം പിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ദില്ലിയിലെത്തിക്കും. നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് നീക്കം. 27 ന് ദില്ലിയില്‍ സി പി ഐ മനുഷ്യ ചങ്ങലയും തീര്‍ക്കും. ഇതിനിടെ പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും യുവജന സംഘടനാ നേതാക്കളും രാഹുല്‍ ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചിരുന്നു. പോലീസ് അതിക്രമം വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം രാഹുല്‍ ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില്‍ വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികതയില്ലെന്നും രാഹുല്‍ ഗാന്ധി പോഡ് കാസ്റ്റില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹിമാലയൻ അതിർത്തിയിൽ സൈന്യത്തിന്‍റെ നിർണായക നീക്കം; ഏത് സാഹചര്യവും നേരിടാൻ സജ്ജരാകണമെന്ന് ലെഫ്റ്റനന്‍റ് ജനറൽ സഞ്ജയ് മിത്ര
സിജെപി നേതാക്കളുടെ ജാമ്യം പരിഗണിച്ചില്ല; അശുതോഷ് റാങ്കെയും സൗരവ് ദാസും ജയിലിൽ തുടരും, ഭീഷണി സന്ദേശം ലഭിക്കുന്നെന്ന് മജിസ്ട്രേറ്റ്