മദ്യപാന ശീലം കുടുംബം തകര്‍ത്തു, മദ്യപിച്ച് ലക്കുകെട്ട് മദ്യവില്‍പന ശാലയ്ക്ക് നേരെ പെട്രോള്‍ ബോംബേറ്, 1 മരണം

Published : Mar 16, 2023, 01:21 AM IST
മദ്യപാന ശീലം കുടുംബം തകര്‍ത്തു, മദ്യപിച്ച് ലക്കുകെട്ട് മദ്യവില്‍പന ശാലയ്ക്ക് നേരെ പെട്രോള്‍ ബോംബേറ്, 1 മരണം

Synopsis

സാമ്പത്തിക പ്രതിസന്ധിയുണ്ടായി കുടുംബം തകര്‍ന്നതിന് കാരണമായ മദ്യവില്‍പന ശാലയെന്ന തോന്നലിലായിരുന്നു യുവാവിന്‍റെ അതിക്രമം

ശിവഗംഗ: മദ്യപാന ശീലം മൂലം സാമ്പത്തിക പ്രതിസന്ധിയായി കുടുംബം തകര്‍ന്നു. പ്രതിഷേധമായി സ്ഥിരമായി മദ്യം മേടിക്കുന്ന കടയ്ക്ക് നേരെ മദ്യപിച്ച് ലക്കുകെട്ട് പെട്രോള്‍ ബോംബ് എറിഞ്ഞ് യുവാവ്. ആക്രമണത്തില്‍ മദ്യവില്‍പന ശാല ജീവനക്കാരന്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം. 46കാരനായ ടാസ്മാക് ജീവനക്കാരനാണ് പെട്രോള്‍ ബോംബേറില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് മരിച്ചത്. സ്ഥിരം മദ്യപാനിയായിരുന്ന തമിഴ്നാട് ശിവഗംഗയിലെ രാജേഷാണ് മദ്യവില്‍പന ശാലയ്ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്.

ശിവഗംഗയിലെ പല്ലാത്തൂരിലെ മദ്യവില്‍പന ശാലയ്ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. മാര്‍ച്ച് മൂന്നിന് രാത്രിയായിരുന്നു പെട്രോള്‍ ബോംബ് ആക്രമണം. അന്ന് കടക്കുള്ളിൽ ഉണ്ടായിരുന്ന, പൊള്ളലേറ്റ ജീവനക്കാരൻ അർജുനൻ ഇന്ന് മരിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടായി കുടുംബം തകര്‍ന്നതിന് കാരണമായ മദ്യവില്‍പന ശാലയെന്ന തോന്നലിലായിരുന്നു യുവാവിന്‍റെ അതിക്രമം. ഈ കടയിൽനിന്ന് എല്ലാ ദിവസവും മദ്യം വാങ്ങിയിരുന്ന രാജേഷായിരുന്നു ബോംബ് എറിഞ്ഞത്.

തന്‍റെ കുടുംബം നശിപ്പിച്ച മദ്യശാല ഇവിടെയിനി വേണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഈ സമയത്തും രാജേഷ്  മദ്യ ലഹരിയിലായിരുന്നുവെന്നതാണ് വിരോധാഭാസം. ദിവസവരവ് എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്ന ജീവനക്കാരൻ ഇളയൻകുടി സ്വദേശി അർജുനന് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റു. മദ്യക്കുപ്പികളിലേക്ക് തീ പടരാതിരുന്നതുകൊണ്ട് മാത്രമാണ് കടയിലുണ്ടായിരുന്ന കൂടുതൽ പേർക്ക് പൊള്ളലേൽക്കാതിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അർജുനൻ ഇന്ന് പുലർച്ചെ മരിച്ചു.

രാജേഷും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. രാജേഷിനെതിരെ കാരക്കുടി പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ആശുപത്രിയിലെത്തി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിിട്ടുണ്ട്. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അര്‍ജുന്‍റെ കുടുംബത്തിന്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അര്‍ജുന്‍റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും എം കെ സ്റ്റാലിന്‍ വിശദമാക്കി. 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ