
പട്ന: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ പ്രചാരണം നടത്തിയതിന് ബിഹാറിലെ പ്രമുഖ യൂട്യൂബർ അറസ്റ്റിലായി. ഇത്തരമൊരു പ്രചാരണത്തിനായി വ്യാജ വീഡിയോകള്‍ നിര്‍മിച്ചുവെന്ന കേസിലാണ് യൂ ട്യൂബര്‍ മനീഷ് കശ്യപ് അറസ്റ്റിലായത്. ബിഹാര്‍, തമിഴ്‌നാട് പൊലീസുകാർ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ടുള്ള മൂന്നാമത്തെ അറസ്റ്റാണ് മനീഷ് കശ്യപിന്റേത്.
കേസുമായി ബന്ധപ്പെട്ട് കശ്യപിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ബിഹാര്‍ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച രാവിലെ ഇയാള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ബിഹാര്‍ സ്വദേശികളായ തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമിക്കപ്പെട്ടെന്ന തരത്തിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകള്‍ ഇയാൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തമിഴ്‌നാട്ടില്‍ ബിഹാറികളെ മര്‍ദിച്ചുകൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിലടക്കമാണ് ഇയാൾ വീഡിയോകള്‍ പ്രചരിപ്പിച്ചത്.
വീഡിയോ പ്രചാരണത്തെത്തുടർന്ന് ബിഹാറില്‍ വലിയ പ്രതിഷേധമാണുണ്ടായത്. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തമിഴ്‌നാട്ടില്‍ അന്വേഷണത്തിനായി അയച്ചു. നടന്നത് വ്യാജ പ്രചാരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ അടക്കം കേസെടുത്തിട്ടുമുണ്ട്.
Read Also: ജീവിതത്തിൽ എന്തുവേണമെങ്കിലും ചെയ്തോളൂ, പക്ഷേ മാതൃഭാഷ ഉപേക്ഷിക്കരുത്; യുവാക്കളോട് അമിത് ഷാ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam