
ദില്ലി: 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പുതു വോട്ടർമാരെ ലക്ഷ്യമിട്ട് ബി ജെ പിയുടെ പ്രചരണ തന്ത്രം. നമോ നവ് മദ്താതാ എന്ന ക്യാംപെയിന് ദില്ലിയിൽ തുടക്കമായി. എന്‍റെ ആദ്യ വോട്ട് മോദിക്ക് എന്നതാണ് പ്രചരണത്തിന്‍റെ മുദ്രാവാക്യം. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ക്യാംപയിന് തുടക്കമിട്ടത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള ബി ജെ പി തന്ത്രം നടപ്പിലാക്കുകയെന്ന ചുമതല യുവമോർച്ചയ്ക്കാണ്.
'നമോ നവ് മദ്താതാ' ക്യാംപെയിന്‍റെ ആദ്യ പടിയായി ജനുവരി 24 ന് 5000 യോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മിസ് കോൾ നൽകിയാൽ രജിസ്റ്റ്രേഷൻ ലിങ്ക് അയച്ചു നൽകുന്ന നിലയിലുള്ള ക്യാംപെയിനാണ് ബി ജെ പിയും യുവമോർച്ചയും ലക്ഷ്യമിടുന്നത്. കോളേജുകൾ, കോച്ചിംഗ് സെന്‍ററുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് സർക്കാറിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് പുതിയ വോട്ടർമാരെ ആകർഷിക്കാനാകുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി എന്നതാണ്. ദില്ലിയിൽ മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച. ബി ജെ പി കേന്ദ്ര നേതൃത്വം വിളിപ്പിച്ചതാണെന്നും, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഉൾപ്പടെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തെന്നും ബി ഡി ജെ എസ് അറിയിച്ചു. തുഷാറിന്‍റെ ഭാര്യ ആശ തുഷാറും പാർട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ഡി ജെ എസുമായി ചേര്‍ന്നാണ് ബി ജെ പി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam