
ഇൻഡോർ: ഭോപ്പാലിലെ ഐഷ്ബാഗിൽ നിർമ്മിച്ച വിവാദമായ 90 ഡിഗ്രി പാലത്തിന് പിന്നാലെ, ഇൻഡോറിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ റെയിൽവേ മേൽപ്പാലവും ചർച്ചകൾക്കും ആശങ്കകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. മദ്ധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് ഇൻഡോർ പോളോ ഗ്രൗണ്ടിന് സമീപം നിർമ്മിക്കുന്ന Z ആകൃതിയിലുള്ള ഈ പാലത്തിന് രണ്ട് പോയിന്റുകളിൽ ഏതാണ്ട് 90 ഡിഗ്രി വളഞ്ഞാണ് പോകുന്നുത്. ഇത് നാട്ടുകാരെയും വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിക്കുന്നു
ലക്ഷ്മിബായ് നഗറിനെ ഭഗീരഥ്പുര, എംആർ-4 വഴി പോളോ ഗ്രൗണ്ടുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ മേൽപ്പാലം നിർമിക്കുന്നത്. ലക്ഷ്മിബായ് നഗറിൽ നിന്നുള്ള ഭാഗത്ത് ഒരു 90 ഡിഗ്രി വളവും എംആർ-4 ലേക്ക് തിരിയുന്ന ഭാഗത്ത് സമാനമായ മറ്റൊ വളവും ഈ പാലത്തിനുണ്ട്. പാലം നിർമിച്ച് കഴിയുമ്പോൾ അപകട സാധ്യതയുള്ള സ്ഥലങ്ങളായി ഇവ മാറുമെന്ന് ഡ്രൈവർമാരും നാട്ടുകാരും പറഞ്ഞു.
ജൂണിൽ നടന്ന അവലോകന യോഗത്തിൽ പാലത്തിന്റെ രൂപരേഖ കണ്ടപ്പോൾ തന്നെ ഇതിനെ എതിർത്തതായി ഇൻഡോർ എംപി ശങ്കർ ലാൽവാണി പറയുന്നു. താൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്ക് കത്തെഴുതിയതായും രൂപകൽപ്പനയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വിവാദമാതോടെ പാലത്തിന്റെ രൂപകൽപന പരിശോധിച്ച് ആവശ്യമായ മാറ്റം കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഈ വിഷയം രാഷ്ട്രീയ ആരോപണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. സർക്കാറിനെതിരെ രൂക്ഷവിമർശനവും പരിസാഹസുമായി കോൺഗ്രസ് നേതാവ് സജ്ജൻ സിംഗ് വർമ്മ രംഗത്തെത്തി. എന്നാൽ പാലത്തിലെ ടേണിങ് റേഡിയസ് 20 ഡിഗ്രി മാത്രമാണെന്നും അത് എഞ്ചിനീയങിറ് മാനഃദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്നുമാണ് പൊതുമരാമത്ത് മന്ത്രി രാകേഷ് സിങ് പറയുന്നത്. ഇവിടെ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.