
ബംഗളൂരു: കർണാടക ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. വീഡിയോ കോൺഫറൻസിംഗിനായി കോടതി ഉപയോഗിക്കുന്ന സൂം പ്ലാറ്റ്‌ഫോമിലേക്ക് ആരോ നുഴഞ്ഞുകയറി കോടതി നടപടികള്‍ക്കിടെ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് നടപടി. കർണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാർവാഡ്, കലബുറഗി ബെഞ്ചുകളുടെ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗുമാണ് നിര്‍ത്തിവെച്ചത്.
കൊവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ കേസുകൾ കേൾക്കുന്നതിന് സ്ഥിരം വീഡിയോ കോൺഫറൻസിംഗ് (വിസി) സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ ഹൈക്കോടതികളിലൊന്നാണ് കർണാടക ഹൈക്കോടതി. 2021 മെയ് 31നാണ് കോടതി നടപടികളുടെ യൂട്യൂബ് സ്ട്രീമിംഗ് തുടങ്ങിയത്. ഡിസംബര്‍ 4ന് ഉച്ച കഴിഞ്ഞാണ് കോടതിയുടെ സൂം പ്ലാറ്റ്ഫോമില്‍ ആരോ നുഴഞ്ഞുകയറി അശ്ലീല ഉള്ളടക്കം കാണിച്ചത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന വരാലെ പറഞ്ഞു.
"ഇത് ദൌർഭാഗ്യകരവും മുന്‍പുണ്ടായിട്ടില്ലാത്തതുമാണ്. പൊതുജനങ്ങൾക്കും അഭിഭാഷകർക്കും മികച്ച സേവനങ്ങൾക്കായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കർണാടക ഹൈക്കോടതി എപ്പോഴും അനുകൂലമാണ്"- ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലൈംഗികച്ചുവയുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.
വീഡിയോ കോൺഫറൻസ് ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങള്‍ 'സൂം ബോംബിംഗ്' എന്നാണ് അറിയപ്പെടുന്നത്. കൊവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൗൺ സമയത്ത് സൂം പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം കുതിച്ചുയർന്നിരുന്നു. അതോടൊപ്പം ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭീഷണി സന്ദേശങ്ങളയച്ചോ അശ്ലീല വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചോ ആണ് മിക്കപ്പോഴും മീറ്റിംഗുകള്‍ തടസ്സപ്പെടുത്തിയത്. കര്‍ണാടക ഹൈക്കോടതിയിലുണ്ടായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam