ഇന്ത്യൻ ഭൂമിശാസ്ത്രത്തിലെ പ്രധാന വെല്ലുവിളി; തൊട്ടാൽ പൊള്ളുന്ന 'ചിക്കൻ നെക്ക്', സിലിഗുരി ഇടനാഴിയുടെ പ്രാധാന്യം

Published : Oct 27, 2025, 06:50 PM IST
Chicken neck

Synopsis

പശ്ചിമ ബംഗാളിലെ സിലിഗുരി, 'ചിക്കൻ നെക്ക്' എന്നറിയപ്പെടുന്ന തന്ത്രപ്രധാനമായ ഒരു ഇടനാഴിയാണ്. ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. 

ഇന്ത്യയിൽ ഭൂമിശാസ്ത്രപരവും തന്ത്രപരവുമായ വളരെയധികം പ്രാധാന്യമുള്ള ഒരു നഗരമാണ് പശ്ചിമ ബംഗാളിലെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിലിഗുരി. 'കോഴിയുടെ കഴുത്ത്‘ അഥവാ ’ചിക്കൻ നെക്ക്' എന്നറിയപ്പെടുന്ന ഈ പ്രദേശം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. കൂടാതെ രാജ്യത്തിന്റെ ഗതാഗത, സുരക്ഷാ സംവിധാനത്തിൽ ഈ ഇടുങ്ങിയ ഭൂപ്രദേശം നിർണായക പങ്ക് വഹിക്കുന്നു.

ഭൂമിശാസ്ത്രപരമായ പ്രാധാന്യം

നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾക്ക് സമീപമായി ഹിമാലയത്തിന്റെ താഴ്‌വരയിലാണ് സിലിഗുരി സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ അസം, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ, ത്രിപുര, മിസോറാം എന്നിവയെ ഇന്ത്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കവാടമായി സിലിഗുരി മേഖല പ്രവർത്തിക്കുന്നു.

ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന ഈ ഇടനാഴിക്ക് ഏകദേശം 20 മുതൽ 25 കിലോമീറ്റർ വരെ വീതിയുണ്ട്. ഇത് രാജ്യത്തിന്റെ ഗതാഗത, പ്രതിരോധ ശൃംഖലയിലെ ഏറ്റവും സെൻസിറ്റീവാമായ മേഖലകളിൽ ഒന്നാണ്. ഏതെങ്കിലും സംഘർഷമോ അടിയന്തര സാഹചര്യമോ അഥവാ ഈ പ്രദേശത്ത് എന്തെങ്കിലും തടസ്സമോ ഉണ്ടായാൽ അത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

തന്ത്രപരമായ പ്രാധാന്യം

ഭൂമിശാസ്ത്രപരമായി മാത്രമല്ല, സൈനികമായും നയതന്ത്രപരമായും ഈ പ്രദേശം പ്രധാനമാണ്. ചൈനീസ് അതിർത്തിയോട് ചേർന്നു കിടക്കുന്നതിനാൽ, ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിൽ ഈ പ്രദേശത്തിന്റെ പങ്ക് വളരെ നിർണായകമാണ്. വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള എല്ലാ കരമാർഗങ്ങളും ഈ ചെറിയ ഇടനാഴിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ, എന്തെങ്കിലും തടസ്സമോ ആക്രമണമോ ഉണ്ടായാൽ, വടക്കുകിഴക്കൻ മേഖലകളുടെ പൂർണ്ണമായ വിച്ഛേദിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ സൈന്യം വളരെ ശ്രദ്ധാപൂർവ്വം കാവൽ നിൽക്കുന്ന മേഖലകളിൽ ഒന്നാണ് സിലിഗുരി.

സാമ്പത്തിക, ബിസിനസ് കേന്ദ്രം

സിലിഗുരി ഒരു തന്ത്രപ്രധാന കേന്ദ്രം മാത്രമല്ല, ഒരു പ്രധാന സാമ്പത്തിക, വ്യാപാര കേന്ദ്രം കൂടിയാണ്. ഇന്ത്യയ്ക്കും ചൈന, ബംഗ്ലാദേശ് തുടങ്ങിയ അയൽ രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരത്തിനുള്ള ഒരു പ്രധാന കവാടമാണിത്. ചരക്ക്, ലോജിസ്റ്റിക്സ്, ഗതാഗതം എന്നിവയിൽ ഒരു പ്രധാന കേന്ദ്രമായി നഗരം വളരുകയാണ്. കൂടാതെ, ഡാർജിലിംഗ്, സിക്കിം, ഭൂട്ടാൻ തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടുത്ത് കിടക്കുന്നതിനാൽ സിലിഗുരി ഇവിടേയ്ക്കള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമാണ്. സിലിഗുരിയ്ക്ക്ക് ചുറ്റുമുള്ള തേയിലത്തോട്ടങ്ങൾ ലോകപ്രശസ്തമാണ്, സിലിഗുരിയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി ഇവ പ്രവർത്തിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്