
റായ്പൂർ: റായ്പൂരിലെ പെട്രോൾ പമ്പിൽ മോട്ടോർ സൈക്കിളിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പമ്പിലെ ജീവനക്കാരൻ വേഗത്തിൽ നടപടി സ്വീകരിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. പമ്പിൽ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു.
ഉർല പ്രദേശത്തെ കർമ്മ ചൗക്കിനടുത്തുള്ള സംഗീത ഫ്യൂവൽസ് പെട്രോൾ പമ്പിൽ രാത്രി 7:40 ഓടെയാണ് രണ്ട് യുവാക്കൾ തങ്ങളുടെ മോട്ടോർ സൈക്കിളിൽ ഇന്ധനം നിറയ്ക്കാൻ എത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരൻ ടാങ്ക് നിറയ്ക്കാൻ തുടങ്ങിയപ്പോൾ, ബൈക്കിന്റെ പിൻഭാഗത്തിരുന്നയാൾ ഇറങ്ങി സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു. പിന്നാലെ, പെട്രോൾ പമ്പ് ജീവനക്കാരൻ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ യുവാവ് ദേഷ്യപ്പെടുകയും ലൈറ്റർ ഇന്ധന ടാങ്കിലേക്ക് എറിയുകയും ചെയ്തു. തീ മോട്ടോർ സൈക്കിളിലേക്കും പെട്രോൾ പമ്പിന്റെ ഇന്ധന നോസിലിലേക്കും എത്തി.
പെട്രോൾ പമ്പ് ജീവനക്കാരൻ ഇന്ധന ഹോസ് വലിച്ചെടുത്ത് പ്രധാന ഇന്ധന വിതരണം ഓഫാക്കി. തുടർന്ന് അയാൾ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണച്ചു. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിൽ, പ്രതികളെ ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിംഗ്, ഇമ്രാൻ ഖുറൈഷി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. തീ നിയന്ത്രണവിധേയമായ ശേഷം രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ പമ്പ് ജീവനക്കാർ അവരെ പിടികൂടി പൊലീസിൽ വിളിച്ചു. പിന്നീട് പരാതി നൽകി. ഉർല പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ മോട്ടോർ സൈക്കിളും സംഭവത്തിൽ ഉപയോഗിച്ച ലൈറ്ററും പിടിച്ചെടുത്തു. തീവയ്പ്പ്, പൊതു സുരക്ഷയെ അപകടപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഉർല ഇൻസ്പെക്ടർ രോഹിത് മഹേൽക്കർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.