
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ യുദ്ധത്തിൽ മാതൃരാജ്യത്തെ സംരക്ഷിക്കാൻ 1.4 കോടി ഇറാനിയൻ പൗരന്മാർ സന്നദ്ധത അറിയിച്ചതായി പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ. രാജ്യത്തിനായി സ്വന്തം ജീവൻ നൽകാൻ തയ്യാറായ അഭിമാനികളായ പൗരന്മാരുടെ ഈ പട്ടികയിൽ താനും ഉൾപ്പെടുന്നുവെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചപ്പോൾ മുതൽ രാജ്യത്ത് നടപ്പിലാക്കി വരുന്ന ‘ജൻഫദ’ (ജീവൻ ബലിയർപ്പിക്കുക) എന്ന ദേശീയ ക്യാമ്പയിന്‍റെ ഭാഗമായാണ് ഇത്രയധികം ആളുകൾ സൈന്യത്തിനൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
രാജ്യത്തിന്‍റെ ഐക്യം വിളംബരം ചെയ്യാനായി സർക്കാർ നടത്തുന്ന ഈ നീക്കം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന്‍റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറാന്‍റെ ഈ പുതിയ പ്രഖ്യാപനം. ഇന്ന് രാത്രിയോടെ കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്‍റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമാധാനത്തിനായുള്ള ഇറാന്‍റെ പുതിയ നിർദ്ദേശങ്ങൾ ഗൗരവകരമാണെങ്കിലും അവ പൂർണ്ണമായും തൃപ്തികരമല്ലെന്നാണ് വൈറ്റ് ഹൗസിന്‍റെ നിലപാട്. അമേരിക്കൻ സൈന്യം ഏതുനിമിഷവും ആക്രമണത്തിന് തയ്യാറായി നിൽക്കെ, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രതിരോധിക്കാൻ ഇറാനിയൻ ഭരണകൂടം യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകൾ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam