
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്കോട്ടി ഗ്വിൻ ക്രോവല്ലിനെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം അടച്ചിട്ട കാറിൽ കുടുങ്ങിപ്പോയ കുഞ്ഞ്, കടുത്ത ചൂട് കാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ(61) രാവിലെ കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനുള്ളത് മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് പോയി. കാറിൽ കുഞ്ഞുള്ളത് ഇവർ മറന്നുപോയിരുന്നു. തുടർന്ന് കുഞ്ഞിനെ കാറിലിരുത്തി ഇവർ ജോലിക്ക് കയറുകയും ചെയ്തു. വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ വിളിക്കാനായി പിതാവ് ഡേകെയറിൽ എത്തിയപ്പോഴാണ് മകളെ ഇന്ന് കൊണ്ടുവന്നിട്ടില്ലെന്ന വിവരമറിഞ്ഞത്. തുടർന്ന് ഇവർ ഡോ. സ്റ്റേസിയെ വിവരമറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കാറിൽ കയറ്റിവന്നത് മുത്തശ്ശിയും ഓർമിച്ചത്. ഉടൻതന്നെ മുത്തശ്ശിയും മറ്റുള്ളവരും ഓടിയെത്തിയെങ്കിലും കാറിന്റെ പിൻസീറ്റിൽ ചലനമറ്റനിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തിൽ ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും അതേസമയം, അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മുത്തശ്ശിയെ ലഹരി പരിശോധനയ്ക്കടക്കം വിധേയയാക്കിയതായും ഇത് പോസിറ്റീവാകാൻ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.
ഡോ. സ്റ്റേസിയുടെ മകൾ സിഡ്നി ക്രോവെല്ലി(33)ന്റെ മകളാണ് പത്തുമാസം പ്രായമുള്ള സ്കോട്ടി ഗ്വിൻ ക്രോവെൽ. സിഡ്നി ക്രോവെല്ലും ഡോക്ടറാണ്. ഒരുവർഷം മുൻപാണ് ഡോ. സ്റ്റേസി മാഡിസൺവില്ലെയിൽ മകൾക്കും കുടുംബത്തിനും ഒപ്പം താമസം ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam