
ബാഗ്ദാദ്: ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെയ ഓഡിറ്റോറിയത്തിലുണ്ടായ തീപിടിത്തത്തില്‍ 100ലധികം പേര്‍ മരിച്ചു. അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10.45ഓടെയാണ് തീപിടിത്തമുണ്ടായി വലിയ ദുരന്തത്തില്‍ കലാശിച്ചത്. തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്. വിവാഹ ആഘോഷത്തനിടെ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചുവെന്നും ഇതില്‍നിന്നും തീപ്പൊരി ചിതറിത്തെറിച്ചാണ് വലിയ ദുരന്തമുണ്ടായതെന്നുമാണ് അധികൃതര്‍ പറയുന്നത്.
100ഓളംപേരാണ് അപകടത്തില്‍ മരിച്ചതെന്നും 150ലധികം പേര്‍ക്കാണ് പരിക്കേറ്റതെന്നുമാണ് ഇറാഖി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, അപകടത്തില്‍ ഇതുവരെ 113 പേര്‍ മരിച്ചതായും 150ലധികം പേര്‍ക്ക് പരിക്കേറ്റതായും മേഖല ഗവര്‍ണര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും യഥാര്‍ഥ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഉയരാന്‍ സാധ്യതയുണ്ടെന്നും പരിക്കേറ്റവരെ നിനവേ മേഖലയിലെ ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ഭാഗ്യകരമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്കാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഇറഖ് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. വലിയ ദുരന്തത്തില്‍ ഹാളിലുണ്ടായിരുന്ന വധുവും വരനും ഉള്‍പ്പെടെ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
ഹംദാനിയയിലെ പ്രധാന ആശുപത്രിയിലേക്ക് നിരവധി ആംബുലന്‍സുകള്‍ എത്തിയതായും നിരവധിപേര്‍ രക്തം ദാനം ചെയ്യാന്‍ പരിസരത്ത് കൂട്ടം കൂടിയതായും എ.എഫ്.പി ഫോട്ടോഗ്രാഫര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കറുത്ത ബാഗുകളിലായി മൃതദേഹം ട്രക്കുകളിലേക്ക് മാറ്റുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഓഡിറ്റോറിയത്തിന്‍റെ നിര്‍മാണമെന്നും പ്രീഫാബ്രിക്കേറ്റഡ് പാനലുകളില്‍നിന്നാണ് തീ അതിവേഗത്തില്‍ പടര്‍ന്നതെന്നും ഇറാഖി സിവില്‍ ഡിഫെന്‍സ് അധികൃതര്‍ പറഞ്ഞു. വിലകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടാണ് സീലിങ് നിര്‍മിച്ചതെന്നും തീപിടിത്തമുണ്ടായതോടെ സീലിങ് അടര്‍ന്നുവീഴുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തെതുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതിന്‍റെ വീഡിയോയും ഇതിനോടകം പുറത്തുവന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam