
ക്വിറ്റോ:115 അടി നീളമുള്ള അന്തർവാഹിനി, 22700 ലിറ്റർ ഇന്ധനം തയ്യാറെടുത്തത് കൊളംബിയൻ തീരത്തെ ലഹരിയിൽ മുക്കാനുള്ള ശ്രമം. കൊളംബിയൻ അതിർത്തിയോട് ചേർന്നുള്ള പ്രകൃതി സംരക്ഷിത കേന്ദ്രത്തിൽ നിന്ന് ഇക്വഡോർ സൈന്യം കണ്ടെത്തിയത് നാർക്കോ അന്തർവാഹിനി. ദീർഘദൂര സഞ്ചാരത്തിന് തയ്യാറെടുത്ത് രഹസ്യമായി സൂക്ഷിച്ച സെമി സബ്മറൈൻ ആണ് ഇക്വഡോർ സൈന്യം പിടിച്ചെടുത്തത്. ഒരു ദീർഘദൂര ലഹരിമരുന്ന് കടത്ത് യാത്രയ്ക്ക് സജ്ജമാക്കിയിരിക്കുകയായിരുന്നു ഈ അന്തർവാഹിനി എന്നാണ് ഇക്വഡോർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വിശദമാക്കുന്നത്. മയക്കുമരുന്ന് മാഫിയകൾക്കെതിരെ പുതിയ പോരിന്റെ ഘട്ടം ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നോബോവ പ്രഖ്യാപിച്ചതിന് തൊട്ട്പിന്നാലെയാണ് നാർക്കോ അന്തർവാഹിനി പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ ഉത്പാദക രാജ്യങ്ങളായ കൊളംബിയയ്ക്കും പെറുവിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇക്വഡോർ, തെക്കേ അമേരിക്കയിൽ നിന്ന് യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അനധികൃത മയക്കുമരുന്ന് കടത്തുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറിയ സാഹചര്യമുണ്ടായിരുന്നു. കൊളംബിയൻ അതിർത്തിയോട് ചേർന്ന കയാപാസ്-മാതാജെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് ഇക്വഡോർ സൈന്യം അന്തർവാഹിനി കണ്ടെത്തിയത്.
ഇതിന് സമീപത്തായി ഒരു ക്യാമ്പും സൈന്യം കണ്ടെത്തിയിരുന്നു. ഇത് ലഹരി കടത്തുന്നതിനായുള്ള കപ്പലുകൾ തയ്യാറാക്കുന്ന ലോജിസ്റ്റിക് ഹബ്ബായി കുറ്റവാളികൾ ഉപയോഗിച്ചിരുന്നതാണ് ഈ ക്യാമ്പെന്നാണ് സൈന്യം വിശദമാക്കുന്നത്. 35 മീറ്റർ നീളമുള്ള അന്തർവാഹിനിക്ക് പുറമെ ആറ് സ്പീഡ് ബോട്ടുകളും ഏഴ് ഔട്ട്‌ബോർഡ് മോട്ടോറുകളും നിരവധി ഇന്ധന വീപ്പകളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. നടപടിക്കിടെ ലഹരിമാഫിയയിൽ നിന്ന് സൈന്യത്തിന് നേരെ വെടിവയ്പുണ്ടായതായി പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്. എന്നാൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ മയക്കുമരുന്ന് പിടിച്ചെടുത്തതായോ പ്രസ്താവനയിൽ പരാമർശമില്ല. തന്റെ രാജ്യത്ത് നിന്ന് യുഎസിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയാൻ ട്രംപ് ഭരണകൂടവുമായി ചേർന്ന് നോബോവ പ്രവർത്തിക്കുന്നുണ്ട്. ഈ ആഴ്ച ആദ്യം അദ്ദേഹം ഇക്വഡോർ തലസ്ഥാനമായ ക്വിറ്റോയിൽ വെച്ച് യുഎസ് സതേൺ കമാൻഡ് കമാൻഡർ ജനറൽ ഫ്രാൻസിസ് ഡോണാവനുമായി സുരക്ഷാ സഹകരണം ചർച്ച ചെയ്തിരുന്നു. എന്നാൽ ചതുപ്പിൽ നിന്ന് നാർക്കോ-സബ് പിടിച്ചെടുത്ത ഓപ്പറേഷനിൽ യുഎസ് സേനയുടെ പങ്കാളിത്തത്തെക്കുറിച്ച് ഉടനടി പരാമർശമൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam