
ന്യൂയോർക്ക്: കാഴ്ച തകരാറുമായി എത്തിയ 18കാരിയുടെ നട്ടെല്ലിൽ കണ്ടെത്തിയത് ട്യൂമർ. സങ്കീർണമായ ശസ്ത്രക്രിയയ്ക്കൊടുവിൽ നട്ടെല്ലിലെ ട്യൂമർ കണ്ണിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ. അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ സെന്റർ സർവ്വകലാശാലയിലാണ് അപൂർവ്വമായ ട്യൂമർ നീക്കം ചെയ്യൽ ശസ്ത്രക്രിയ നടത്തിയത്. കാർല ഫ്ലോറി എന്ന പതിനെട്ടുകാരി കാഴ്ചാ തകരാറ് നേരിട്ടതിന് പിന്നാലെയാണ് നേത്ര രോഗ വിദഗ്ധനെ കാണാനെത്തിയത്. പരിശോധനയ്ക്ക് ഒടുവിൽ നാഡീരോഗ വിദഗ്ധനെ കാണാൻ നേത്ര രോഗ വിഭാഗം 18കാരിയോട് ആവശ്യപ്പെടുകയാണ്. തലയോട്ടിയുടെയും നട്ടെല്ലിന്റെയും അസ്ഥികളിലെയും കോശാവശിഷ്ടങ്ങളിൽ നിന്ന് സാവധാനം വളരുന്ന ട്യൂമറായ കോർഡോമയാണ് 18കാരിക്ക് സ്ഥിരീകരിച്ചത്.
ഓരോ വർഷവും 300ൽ താഴെ ആളുകൾക്ക് മാത്രമാണ് ഈ അവസ്ഥ അമേരിക്കയിൽ സ്ഥിരീകരിക്കാറുള്ളത്. ഈ ട്യൂമർ തലയോട്ടിയിലെ ഞരമ്പുകളിൽ സൃഷ്ടിച്ച സമ്മർദ്ദമാണ് 18കാരിയുടെ കാഴ്ചയെ ബാധിച്ചിരുന്നത്. മെരിലാൻഡ് മെഡിക്കൽ സെന്റർ സർവ്വകലാശാലയിലെ ന്യൂറോ സർജനായ ഡോ മൊഹമ്മദ് ലബീബ് ആണ് 18കാരിയെ ചികിത്സിച്ചിരുന്നത്. 18കാരിയുടെ നട്ടെല്ലിൽ നിന്ന് ട്യൂമർ നീക്കം ചെയ്യാൻ സങ്കീർണമായ രീതിയാണ് ഡോ മൊഹമ്മദ് ലബീബ് തയ്യാറാക്കിയത്. തലയോട്ടിയിൽ നിന്നുള്ള ക്രേനിയൽ ഞരമ്പുകളെ ബാധിക്കാതെ ട്യൂമർ നീക്കം ചെയ്യാനായിരുന്നു ഇത്. ഇതിനായുള്ള ഒരുക്കത്തിനായി എംആർഐ ചെയ്യുമ്പോഴാണ് രണ്ട് ട്യൂമറുകളാണ് 18കാരിക്കുള്ളതെന്ന് തിരിച്ചറിയുന്നത്. രണ്ടാമത്തെ ട്യൂമർ 18കാരിയുടെ നട്ടെല്ലിന്റെ മുകൾ ഭാഗത്തായിരുന്നു. നട്ടെല്ലിനെ ചുറ്റിയായിരുന്നു ഇത് കഴുത്തിന്റെ ഭാഗത്ത് വളർന്നിരുന്നത്.
ശസ്ത്രക്രിയയിൽ വരുന്ന ചെറിയ പിഴവ് പോലും 18കാരിയുടെ ശരീരം തളർത്തുന്ന അവസ്ഥ. എങ്കിലും മനസാന്നിധ്യം കൈവിടാതെ ഒരു ട്യൂമർ 18കാരിയുടെ മൂക്കിലൂടെ ഡോക്ടർമാർ നീക്കം ചെയ്തു. ഈ ശസ്ത്രക്രിയാ സമയത്താണ് രണ്ടാമത്തെ ട്യൂമറിന്റെ കൃത്യമായ സ്ഥാനം ഡോക്ടർമാർക്ക് കണ്ടെത്താനായത്. എന്നാൽ മൂക്കിലൂടെ ശസ്ത്രക്രിയ ചെയ്ത് നീക്കാനാവുന്ന ഇടത്തായിരുന്ന രണ്ടാമത്തെ ട്യൂമറിന്റെ സ്ഥാനം. ഇതോടെയാണ് രണ്ടാമത്തെ ശസ്ത്രക്രിയ കണ്ണിലൂടെ നടത്തേണ്ടി വരുമെന്ന് വൈദ്യ സംഘം വിശദമാക്കിയത്. തേഡ് നോസ്ട്രിൽ എന്ന രീതിയാണ് ഡോ മൊഹമ്മദ് ലബീബ് 18കാരിയിൽ പരീക്ഷിച്ചത്. തലയോട്ടികളുടെ മോഡലുകൾ അടക്കമുള്ളവയിൽ പരീക്ഷണം നടത്തിയ ശേഷമായിരുന്നു സങ്കീർണ ശസ്ത്രക്രിയ. ആഴ്ചകളോളം ശസ്ത്രക്രിയയ്ക്ക് ഇടയിലുണ്ടാവാൻ സാധ്യതയുള്ള സങ്കീർണതകളും മെഡിക്കൽ സംഘം പഠിച്ച ശേഷമായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ. കൃഷ്ണമണിക്ക് തകറാർ വരാതെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കണ്ണിലൂടെ കടത്തിയാണ് ശസ്ത്രക്രിയ എന്ന് 18കാരിയുടെ കുടുംബത്തേയും മെഡിക്കൽ സംഘം ബോധ്യപ്പെടുത്തി.
വീട്ടുകാർ ആശങ്കകൾ പങ്കുവച്ചെങ്കിലും 18കാരിയുടെ അനുവാദത്തോടെയാണ് രണ്ടാമത്തെ ശസ്ത്രക്രിയ മെഡിക്കൽ സംഘം ആരംഭിച്ചത്. കോർഡോമ പൂർണമായി നീക്കിയ ശേഷം ടൈറ്റാനിയം പ്ലേറ്റ് ഉപയോഗിച്ചാണ് 18കാരിയുടെ ഐ സോക്കറ്റ് മെഡിക്കൽ സംഘം പുനസൃഷ്ടിച്ചത്. അരയിൽ നിന്നുള്ള എല്ല് ഉപയോഗിച്ച് കവിളെല്ലും പുനസൃഷ്ടിക്കുകയായിരുന്നു. 20 മണിക്കൂറാണ് സങ്കീർണ ശസ്ത്രക്രിയ നീണ്ടത്. ഒരു വർഷത്തോളം തുടർച്ചയായ നിരീക്ഷണത്തിനും കീമോ തെറാപ്പിക്കും ശേഷമാണ് യുവതിക്ക് ആശുപത്രി വിടാനായത്. ഇടത് കണ്ണ് ചലിപ്പിക്കുന്നതിൽ വെല്ലുവിളിയുണ്ടെങ്കിലും പഠനവുമായി മുന്നോട്ട് പോവുകായാണ് നിലവിൽ 20കാരിയായ യുവതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam