അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി

By Web TeamFirst Published Feb 8, 2024, 12:37 PM IST
Highlights

ആത്മഹത്യയെന്ന സൂചനയാണ് പൊലീസ് സമീർ കാമത്തിന്റെ മരണത്തേക്കുറിച്ച് നൽകുന്നത്

ഇന്ത്യാന: അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി. ഇന്ത്യാനയിലെ പർഡ്യൂ സർവ്വകലാശാലയിലെ സമീർ കാമത്ത് എന്ന പിഎച്ച്ഡി വിദ്യാർത്ഥിയാണ് വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ക്രോവ്സ് ഗ്രൂവ് നാച്ചർ പ്രിസേർവിഷ സമീർ കാമത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കൻ പൌരത്വമുള്ള 23കാരനായ സമീർ കാമത്ത് 2023 ഓഗസ്റ്റിലാണ് മെക്കാനിക്കൽ എൻജിനിയറിംഗിൽ പർഡ്യൂ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

ഇതേ സർവ്വകലാശാലയിൽ തന്നെ തുടർ പഠനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മരണം. സമീർ കാമത്തിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയതായി പൊലീസ് അധികൃതർ വിശദമാക്കി. തലയിലേറ്റ വെടിയാണ് വിദ്യാർത്ഥിയുടെ മരണകാരണമെന്നാണ് പ്രഥമദൃഷ്ടിയിൽ വ്യക്തമാകുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആത്മഹത്യയെന്ന സൂചനയാണ് പൊലീസ് സമീർ കാമത്തിന്റെ മരണത്തേക്കുറിച്ച് നൽകുന്നത്. ടോക്സിക്കോളജി റിപ്പോർട്ട് വരുന്നതിനായി കാത്തിരിക്കുകയാണ് പൊലീസ്. അമേരിക്കയിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ മരണത്തിൽ ഒടുവിലത്തേതാണ് സമീർ കാമത്തിന്റേത്.

കഴിഞ്ഞ ആഴ്ചയാണ് ബി ശ്രേയസ് റെഡ്ഡി എന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചിക്കാഗോയിൽ ഹൈദരബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി ക്രൂരമായ ആക്രമണത്തിനിരയായത് കഴിഞ്ഞ ദിവസമാണ്. പർഡ്യൂ സർവ്വകലാശാലയിലെ തന്നെ വിദ്യാർത്ഥിയായ 19കാരൻ നീൽ ആചാര്യയെ കാണാതായതിന് പിന്നാലെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. ഈവർഷം ആദ്യമാണ് 25കാരനായ വിവേക് സാഹ്നി ചുറ്റിക കൊണ്ടുള്ള ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.


(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!