
ന്യൂയോർക്ക്:മൂന്ന് ദിവസത്തിനുള്ളിൽ അമേരിക്കയിലെ ബേസുകളിൽ നിന്ന് യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. യുദ്ധ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന അമരിക്കൻ സൈനിക ടാങ്കർ വിമാനം അടക്കമാണ് യൂറോപ്പിലേക്ക് എത്തിയിട്ടുള്ളത്. ഫ്ലൈറ്റ് റഡാർ 24ലെ വിവരങ്ങളുടെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ഇതിൽ 7 അമേരിക്കൻ സൈനിക വിമാനങ്ങൾ എല്ലാം തന്നെ കെസി 135 സ്ട്രാറ്റോടാങ്കർ വിമാനങ്ങൾ സ്പെയിൻ, സ്കോട്ട്ലാൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ അമേരിക്കൻ എയർ ബേസുകളിൽ നിർത്തിയിട്ടിരിക്കുകയാണെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്.
ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമായ അവസ്ഥയിലാണ് ഈ വിമാനങ്ങൾ എത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ടെഹ്റാനിലെ ആണവ കേന്ദ്രങ്ങളെ നശിപ്പിക്കുമെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തിയ ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളിലാണ് ഈ വിമാനങ്ങൾ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ അമേരിക്കൻ എയർ ബേസുകളിലെത്തിയത്. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെടുമോയെന്നത് ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഈ സൈനിക നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. വരും ആഴ്ചകളിൽ ഇസ്രയേൽ പക്ഷത്ത് അമേരിക്ക നിലയുറപ്പിക്കുമെന്നതിന്റെ വ്യക്തമായ സൂചനയയാണ് നീക്കത്തെ വിദഗ്ധർ നിരീക്ഷിക്കുന്നത്.
ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 7 ജെറ്റ് വിമാനങ്ങളാണ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മാത്രം സിസിലിക്ക് സമീപം എത്തിയത്. ആറെണ്ണം ഇവയുടെ എത്തിച്ചേരണ്ട സ്ഥത്തേക്കുറിച്ച് വിവരം നൽകിയിട്ടില്ല. ഒരെണ്ണം ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ലാൻഡ് ചെയ്തിട്ടുണ്ട്. എഫ് 16, എഫ് 22, എഫ്3 പോർ വിമാനങ്ങളാണ് പശ്ചിമേഷ്യയിലെ ബേസുകളിലേക്ക് അമേരിക്കയിൽ നിന്ന് പുറപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ട് വിശദമാക്കുന്നത്.
അമേരിക്കയുടെ ഒരു യുദ്ധ കപ്പൽ കൂടി മെഡിറ്ററേനിയൻ കടലിലേക്ക് നീങ്ങുകയാണ്. കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ പെട്ട യുഎസ്എസ് ഫോർഡ് ആണ് ഇസ്രയേലിന് അടുത്തേക്ക് നീങ്ങുക. ഇതോടെ മൂന്ന് അമേരിക്കൻ എയർക്രാഫ്റ്റ് കാരിയർ കപ്പലുകൾ മേഖലയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.നേരത്തെ ദക്ഷിണ ചൈനാ കടലിൽ നിന്ന് പശ്ചിമേഷ്യൻ മേഖലയിലേക്ക് വിമാന വാഹിനി കപ്പലായ യുഎസ്എസ് നിമിറ്റ്സിനോട് നീങ്ങാൻ അമേരിക്ക നിർദ്ദേശം നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം