
ഡോയൽസ്ടൗൺ: അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ നിന്ന് അറുത്ത് മാറ്റിയ തലയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മകന് ജീവിതകാലം മുഴുവൻ തടവിൽ കഴിയാൻ ശിക്ഷ വിധിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലെ ഡോയൽസ്ടൗണിലാണ് സംഭവം. 33കാരനായ ജസ്റ്റിൻ ഡി മോൻ എന്ന യുവാവിന് പരോൾ ഇല്ലാതെയാണ് ശിക്ഷ അനുഭവിക്കേണ്ടി വരികയെന്നാണ് ബക്ക്സ് കൗണ്ടി ജഡ്ജി സ്റ്റീഫൻ എ കോറിന്റെ വിധിയിൽ വിശദമാക്കുന്നത്.
2024 ജനുവരിയിലാണ് ജസ്റ്റിൻ അച്ഛനെ ഫിലാഡൽഫിയയിലെ ലെവിടൗണിൽ വച്ച് കൊലപ്പെടുത്തിയത്. പശ്ചാത്താപത്തിന്റെ കണിക പോലും ഇല്ലാതെയുള്ള പ്രവർത്തിയെന്നാണ് മൃതദേഹത്തിൽ നിന്ന് അറുത്ത് മാറ്റിയ ശിരസിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അടക്കം പങ്കുവച്ചതിനെ കോടതി നിരീക്ഷിച്ചത്. ചിന്തിക്കാൻ സാധിക്കാൻ പറ്റാത്ത രീതിയിലും അഗാധമായ കുറ്റകൃത്യമാണ് 33കാരൻ ചെയ്തതെന്നാണ് കോടതി കുറ്റകൃത്യത്തെ നിരീക്ഷിച്ചത്.
68കാരനായ അച്ഛൻ മൈക്കൽ എഫ് മോനെ പുതിയതായി വാങ്ങിയ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തിയ ശേഷം അടുക്കളയിലെ കത്തിയും വാളും ഉപയോഗിച്ചാണ് തല അറുത്ത് മാറ്റിയത്. ഇതിന്റെ 17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ വീഡിയോ നീക്കം ചെയ്തത്. കൊലപാതകം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സർക്കാരിനെതിരായ പ്രതിഷേധമെന്ന രീതിയിലാണ് ഇയാൾ തന്റെ ക്രൂരതയെ വിശേഷിപ്പിച്ചത്.
സർക്കാരിന്റെ പ്രവർത്തികളോട് വിരുദ്ധതയുള്ളവർ സമാനരീതിയിൽ പ്രവർത്തിക്കണമെന്നായിരുന്നു ഇയാൾ വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. മകന് ജോലി ഇല്ലായിരുന്നുവെന്നും ഭർത്താവും താനുമായിരുന്നു മകനെ സാമ്പത്തിക സഹായം നൽകിയിരുന്നതെന്നും ജസ്റ്റിന്റെ അമ്മ കോടതിയിൽ മൊഴി നൽകിയിരുന്നു. യുഎസ് സൈന്യത്തിലെ എൻജിനിയറാണ് കൊല്ലപ്പെട്ട 68കാരൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം