
ടെൽ അവീവ്: ഗാസയിൽ ഇസ്രായേൽ യുദ്ധം തുടരുന്നതിനിടെ മാനസിക ആഘാതം കാരണം സമീപ മാസങ്ങളിൽ ഏകദേശം 42 ഇസ്രായേൽ സൈനികർ ആഥ്മഹത്യ ചെയ്തെന്ന് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. 2023 ഒക്ടോബർ 7 ന് ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം, കുറഞ്ഞത് 43 സൈനികരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച സൈനിക താവളത്തിൽ ഗൊലാനി ബ്രിഗേഡിലെ സൈനികൻ സ്വയം വെടിവച്ച് മരിച്ചതാണ് ഏറ്റവും പുതിയ സംഭവമെന്ന് ഇസ്രായേലിലെ ഹാരെറ്റ്സ് പത്രം റിപ്പോർട്ട് ചെയ്തു.
മുൻ അന്വേഷണത്തിന്റെ ഭാഗമായി സൈനിക പൊലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് സൈനികൻ ആത്മഹത്യ ചെയ്തത്. ഗാസയിൽ നിന്ന് റിഫ്രഷർ പരിശീലന സെഷനായി തിരിച്ചെത്തിയപ്പോഴാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഗാസയിലും ലെബനനിലും നീണ്ടുനിന്ന യുദ്ധത്തിൽ സാക്ഷ്യം വഹിച്ച ഭീകരതകൾ മൂലമുണ്ടായ മാനസിക ക്ലേശങ്ങൾ കാരണം മറ്റൊരു സൈനികൻ ആത്മഹത്യ ചെയ്തതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗാസയിലെയും ലെബനനിലെയും മുന്നണികളിൽ നിന്ന് മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട സൈനികനാണ് അന്ന് മരിച്ചത്.
ഗാസ യുദ്ധകാലത്ത് ഇസ്രായേലി ഭരണകൂടത്തിന്റെ 10,000-ത്തിലധികം സൈനികർക്ക് ശാരീരികമോ മാനസികമോ ആയ ആഘാതങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇസ്രായേലി ഭരണകൂടത്തിന്റെ സൈനികകാര്യ മന്ത്രാലയം പറയുന്നു. ഗാസയിൽ ഇതിനകം യുദ്ധങ്ങൾ നടന്ന അതേ പ്രദേശങ്ങളിൽ വീണ്ടും യുദ്ധം ചെയ്യാൻ ഇസ്രായേൽ ഭരണകൂടം കൂടുതൽ സൈനികരെ അയയ്ക്കുകയാണെന്ന് വിമർശകർ പറയുന്നു.