
ചണ്ഡീഗഡ്: ഗുരു നാനക് ദേവിന്‍റെ പ്രകാശ് പർവ് ആഘോഷിക്കാൻ പാകിസ്ഥാൻ സന്ദർശിച്ച തീർത്ഥാടകരുടെ സംഘത്തിൽ നിന്ന് കാണാതായ ഇന്ത്യൻ സിഖ് വനിത ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാനിൽ ഒരാളെ വിവാഹം കഴിച്ചതായി രേഖകൾ. പഞ്ചാബിലെ കപൂർത്തല സ്വദേശിയായ 52 വയസുള്ള സരബ്ജിത് കൗറിനെ കുറിച്ചാണ് നിര്‍ണായക വിവരങ്ങൾ പുറത്ത് വന്നത്. മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് സുഗമമാക്കുന്ന ഉഭയകക്ഷി കരാറിന്‍റെ ഭാഗമായി നവംബർ നാലിനാണ് വാഗാ-അട്ടാരി അതിർത്തി കടന്ന് തീർത്ഥാടക സംഘം പാകിസ്ഥാനിൽ പ്രവേശിച്ചത്. ഈ വർഷത്തെ പ്രകാശ് പർവ് ഗുരു നാനക് ദേവിന്‍റെ 555-ാമത് ജന്മവാർഷികമായിരുന്നു. ഏകദേശം 10 ദിവസത്തോളം പാകിസ്ഥാനിൽ ചിലവഴിച്ച ശേഷം 1,992 സിഖ് തീർത്ഥാടകരുടെ സംഘം നവംബർ 13ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. എന്നാൽ ഈ സംഘത്തിൽ സരബ്ജിത് കൗർ മാത്രം ഉണ്ടായിരുന്നില്ല.
ഇപ്പോൾ പുറത്തുവന്ന 'നിക്കാനാമ' (ഇസ്ലാമിക വിവാഹ ഉടമ്പടി) എന്ന ഉറുദു രേഖയിൽ, ലാഹോറിൽ നിന്ന് ഏകദേശം 56 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര സ്വദേശിയായ നാസിർ ഹുസൈനെ കൗർ വിവാഹം കഴിച്ചതായി പറയുന്നു. വിവാഹത്തിന് മുമ്പ് അവർ ഇസ്ലാം മതം സ്വീകരിക്കുകയും പേര് നൂർ എന്ന് മാറ്റുകയും ചെയ്തു എന്നും സ്ഥിരീകരിക്കാൻ കഴിയാത്ത ഈ രേഖയിൽ പറയുന്നതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ വ്യക്തിയാണ് സരബ്ജിത്. ഏകദേശം 30 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന കർണൈൽ സിംഗ് ആയിരുന്നു ഭർത്താവ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
സരബ്ജിത് കൗറിന്‍റെ പാസ്‌പോർട്ട് പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ നിന്നാണ് നൽകിയത്. പാകിസ്ഥാനിൽ വെച്ച് അവരെ കാണാതായി എന്ന് രേഖകൾ സൂചിപ്പിക്കുന്നു, കാരണം പാകിസ്ഥാനിൽ നിന്ന് പുറത്തുകടക്കുകയോ ഇന്ത്യയിൽ പ്രവേശിക്കുകയോ ചെയ്ത കുടിയേറ്റ രേഖകളിൽ അവരുടെ പേര് കാണുന്നില്ല. സരബ്ജിത് കൗർ ഇന്ത്യയിലേക്ക് തിരികെ വരാതിരുന്നതിനെ തുടർന്ന്, ഇവിടുത്തെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്‍റ് ഉടൻ തന്നെ പഞ്ചാബ് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് പ്രാഥമിക റിപ്പോർട്ട് മറ്റ് ഇന്ത്യൻ ഏജൻസികൾക്കും അയച്ചിട്ടുണ്ട്. അവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മിഷൻ പാകിസ്ഥാൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
സിഖുകാരുടെ പരമോന്നത സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി, എല്ലാ വർഷവും ചരിത്രപരമായ ഗുരുദ്വാരകളിൽ, പ്രത്യേകിച്ച് ഗുരു നാനക്കിന്‍റെ പ്രകാശ് പർവ് ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ തീർത്ഥാടകരുടെ പ്രതിനിധി സംഘത്തെ പാകിസ്ഥാനിലേക്ക് അയക്കാറുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, അതിർത്തിക്കപ്പുറത്തുള്ള നങ്കാന സാഹിബ് ആരാധനാലയത്തിലേക്ക് 10 ദിവസത്തെ തീർത്ഥാടനം നടത്താൻ സിഖ് ഭക്തരെ കഴിഞ്ഞ മാസം സർക്കാർ അനുവദിച്ചിരുന്നു.