ഇന്ത്യൻ മോഡലിൽ പാകിസ്ഥാന് വൻ തിരിച്ചടി കൊടുക്കാൻ അഫ്ഗാൻ, 'വെള്ളം കുടി മുട്ടിക്കും'; കുനാർ നദിയിൽ അണക്കെട്ടുകൾ പണിയും

Published : Oct 24, 2025, 12:36 PM IST
kunar river

Synopsis

താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ, കുനാർ നദിയിൽ അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ ഒരുങ്ങുന്നു. താലിബാൻ പരമോന്നത നേതാവിന്‍റെ ഉത്തരവ് പ്രകാരം, രാജ്യത്തെ ജല പരമാധികാരം ഉറപ്പാക്കാനാണ് ഈ നീക്കം.

കാബൂൾ: കുനാർ നദിയിൽ അതിവേഗം അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നു. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുനാർ നദിയിൽ കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാനുള്ള ഉത്തരവ് താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ നൽകിയെന്നാണ് വിവരം. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജലത്തിലുള്ള അവകാശത്തെക്കുറിച്ചുള്ള ഈ പരസ്യ പ്രഖ്യാപനം വരുന്നത്.

ഇന്ത്യൻ മാതൃക പിന്തുടർന്ന് അഫ്ഗാൻ

പാകിസ്ഥാനുമായുള്ള ജല പങ്കാളിത്തത്തെക്കുറിച്ച് ഇന്ത്യ സ്വീകരിച്ച നിലപാടിന് സമാനമാണ് അഫ്ഗാനിസ്ഥാന്‍റെ ഈ തീരുമാനം. പാകിസ്ഥാനും പാക് പിന്തുണയുള്ള തീവ്രവാദികളും ഏപ്രിൽ 22-ന് പഹൽഗാമിൽ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിനെത്തുടർന്ന്, മൂന്ന് പടിഞ്ഞാറൻ നദികളുടെ ജലം പങ്കുവെച്ചിരുന്ന സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

കുനാർ നദിയിൽ എത്രയും വേഗം അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിക്കണമെന്നും ആഭ്യന്തര കമ്പനികളുമായി കരാർ ഒപ്പിടണമെന്നും പരമോന്നത നേതാവ് അഖുന്ദ്‌സാദ ജല-ഊർജ്ജ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അഫ്ഗാൻ ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹാജിർ ഫറാഹി വ്യാഴാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യയ്ക്ക് ശേഷം, പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനുള്ള ഊഴം അഫ്ഗാനിസ്ഥാന്‍റെയാണെന്ന് ലണ്ടൻ ആസ്ഥാനമായുള്ള അഫ്ഗാൻ പത്രപ്രവർത്തകൻ സാമി യൂസഫ്‌സായ് പറഞ്ഞു. വിദേശ കമ്പനികളെ കാത്തുനിൽക്കാതെ ആഭ്യന്തര അഫ്ഗാൻ കമ്പനികളുമായി കരാർ ഒപ്പിടാൻ മന്ത്രാലയത്തോട് പരമോന്നത നേതാവ് ഉത്തരവിട്ടതായും സാമി യൂസഫ്‌സായ് കൂട്ടിച്ചേർത്തു.

കുനാർ നദി നിർണായകം

480 കിലോമീറ്റർ നീളമുള്ള കുനാർ നദി വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവതനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇത് കുനാർ, നാംഗർഹാർ പ്രവിശ്യകളിലൂടെ തെക്കോട്ട് ഒഴുകി പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് പ്രവേശിക്കുകയും ജലാലാബാദ് നഗരത്തിനടുത്ത് കാബൂൾ നദിയുമായി ചേരുകയും ചെയ്യുന്നു. പാകിസ്ഥാനിൽ ഈ നദി ചിത്രാൽ നദി എന്നാണ് അറിയപ്പെടുന്നത്.

കുനാർ ഒഴുകിയെത്തുന്ന കാബൂൾ നദി, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയിലുള്ള ഏറ്റവും വലുതും ജലസമൃദ്ധവുമായ അതിർത്തി കടന്നൊഴുകുന്ന നദിയാണ്. കാബൂൾ നദി പിന്നീട് അറ്റോക്കിനടുത്ത് സിന്ധു നദിയുമായി ചേരുന്നത് പാകിസ്ഥാനിലെ, പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ജലസേചന ആവശ്യങ്ങൾക്ക് നിർണായകമാണ്. കുനാർ നദിയിലെ ജലപ്രവാഹം കുറയുന്നത് സിന്ധു നദിയിലെ ജലത്തെയും തുടർന്ന് പഞ്ചാബിനെയും ബാധിക്കും.

സംഘർഷങ്ങൾക്കിടയിലെ തീരുമാനം

കോളനിവാഴ്ചയിലുണ്ടായ ഡ്യൂറൻഡ് ലൈനിലെ (അഫ്ഗാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി) മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് പിന്നാലെയാണ് താലിബാന്‍റെ ഈ നീക്കം. 2021-ൽ അധികാരത്തിൽ വന്നതുമുതൽ ജല പരമാധികാരം സ്ഥാപിക്കുന്നതിന് താലിബാൻ മുൻഗണന നൽകിയിരുന്നു. ഊർജ്ജോത്പാദനം, ജലസേചനം, അയൽരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടി രാജ്യത്തെ നദീതട വ്യവസ്ഥകൾ ഉപയോഗപ്പെടുത്താൻ അണക്കെട്ട് നിർമ്മാണ പദ്ധതികൾ അവർ വേഗത്തിലാക്കി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലവിൽ ഔദ്യോഗികമായ ഉഭയകക്ഷി ജല പങ്കാളിത്ത കരാറുകളില്ല. അഫ്ഗാനിസ്ഥാൻ ജല പരമാധികാരത്തിന് മുൻഗണന നൽകുന്നത് മേഖലയിൽ പൂർണ്ണമായ ജലപ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് പാകിസ്ഥാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യൻ സഹകരണം

അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരാഴ്ച ശേഷമാണ് താലിബാൻ സർക്കാരിന്‍റെ ഈ തീരുമാനം എന്നതാണ് ശ്രദ്ധേയം. ഹെറാത്തിലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ സൗഹൃദ അണക്കെട്ടിന്‍റെ (സൽമ ഡാം) നിർമ്മാണത്തിലും പരിപാലനത്തിലും ഇന്ത്യ നൽകിയ സഹായത്തെ അഭിനന്ദിച്ചുകൊണ്ട് ഇരു രാജ്യങ്ങളും ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിൽ, സുസ്ഥിര ജലപരിപാലനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും അഫ്ഗാനിസ്ഥാന്‍റെ ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിനും കാർഷിക വികസനത്തിനും വേണ്ടി ജലവൈദ്യുത പദ്ധതികളിൽ സഹകരിക്കാൻ ധാരണയാവുകയും ചെയ്തിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം