
സാൻ ഫ്രാൻസിസ്കോ: ടെസ്‌ലയുടെ കാറുകളുടെ വാതിൽ തുറക്കാനുള്ള സംവിധാനത്തിലെ തകരാർ കാരണം തീപിടിച്ച കാറിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ കോളേജ് വിദ്യാർത്ഥിനി മരിച്ചു എന്ന് ആരോപിച്ച് രക്ഷിതാക്കൾ കോടതിയിൽ കേസ് ഫയൽ ചെയ്തു. തീപിടിത്തം പോലുള്ള സാഹചര്യങ്ങളിൽ വാതിൽ തുറക്കാൻ കഴിയാത്ത 'ഡിസൈൻ തകരാറാണ്' മകൾ മരിക്കാൻ കാരണമെന്ന് കാണിച്ച് ക്രിസ്റ്റ സുകഹാരയുടെ മാതാപിതാക്കൾ വ്യാഴാഴ്ചയാണ് കേസ് ഫയൽ ചെയ്തത്.
ഈ പിഴവിനെക്കുറിച്ച് വർഷങ്ങളായി അറിഞ്ഞിട്ടും അത് പരിഹരിക്കാൻ കമ്പനി വേഗത്തിൽ നടപടിയെടുത്തില്ല എന്നാണ് ക്രിസ്റ്റയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഇത് കാരണം, 19 വയസുള്ള ആർട്‌സ് വിദ്യാർത്ഥിനിക്ക് തീജ്വാലകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാതെ തീപൊള്ളലേറ്റും പുക ശ്വസിച്ചും ദാരുണമായി മരിക്കേണ്ടിവന്നു. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി ഇലോൺ മസ്‌ക് മാറാൻ സഹായിച്ച കമ്പനിയാണ് ടെസ്‌ല. ഈ ആരോപണങ്ങളോട് ടെസ്‌ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാൻ ഫ്രാൻസിസ്കോയുടെ പ്രാന്തപ്രദേശത്ത് വെച്ച് മദ്യപിക്കുകയും മയക്കുമരുന്ന് കഴിക്കുകയും ചെയ്ത ഡ്രൈവർ ഓടിച്ച സൈബർട്രക്ക് (Cybertruck) ഒരു മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ക്രിസ്റ്റ കാറിന്‍റെ പിന്നിലുണ്ടായിരുന്നു. ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേരും അപകടത്തിൽ മരിച്ചു. രക്ഷാപ്രവർത്തകൻ ജനൽ തകർത്ത് അകത്തേക്ക് കൈയിട്ട് നാലാമത്തെയാളെ രക്ഷിച്ചു.
ഈ കേസ് അലമേഡ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ഫയൽ ചെയ്തിരിക്കുന്നത്. ഡോർ ലോക്കിൽ പ്രശ്നമുണ്ടെന്ന് ടെസ്‌ല ഡ്രൈവർമാർ പരാതി നൽകിയതിനെ തുടർന്ന് ഫെഡറൽ റെഗുലേറ്റർമാർ അന്വേഷണം ആരംഭിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പുതിയ നിയമനടപടി. ഡ്രൈവറില്ലാതെ ഓടാൻ കഴിയുന്നത്ര സുരക്ഷിതമാണ് തങ്ങളുടെ കാറുകളെന്ന് അമേരിക്കക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ടെസ്‌ലക്ക് ഈ കേസ് നിർണായകമായ സമയത്താണ് എത്തിയിരിക്കുന്നത്.
തീപിടിത്തത്തിലോ മറ്റ് കാരണങ്ങളാലോ വാതിലിന് പവർ നൽകുന്ന ബാറ്ററി നശിക്കുമ്പോൾ വാതിൽ തുറക്കാൻ കഴിയില്ല എന്നതാണ് ആരോപിക്കപ്പെടുന്ന ഡിസൈൻ തകരാറ്. കൂടാതെ, ബാറ്ററി ലോക്കുകളെ മറികടക്കുന്ന മാനുവൽ റിലീസുകൾ കണ്ടെത്താനും പ്രവർത്തിപ്പിക്കാനും പ്രയാസമാണ്. ടെസ്‌ല കാറുകളിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് നിലവിലുള്ള മറ്റ് നിരവധി കേസുകൾക്ക് പിന്നാലെയാണ് ഈ പുതിയ കേസ്. കഴിഞ്ഞ ഓഗസ്റ്റിൽ, ഫ്ലോറിഡയിലെ ഒരു ജൂറി, വർഷങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട ടെസ്‌ല കാർ ഇടിച്ച് മരിച്ച മറ്റൊരു കോളേജ് വിദ്യാർത്ഥിയുടെ കുടുംബത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും 240 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം വാതിൽ തടസപ്പെടുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ, കാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കുട്ടികളെ പുറത്തെടുക്കാൻ പിന്നിലെ വാതിലുകൾ തുറക്കാൻ കഴിയുന്നില്ലെന്നും, ചില സന്ദർഭങ്ങളിൽ കുട്ടികളെ രക്ഷിക്കാൻ ജനൽ തകർക്കേണ്ടി വന്നുവെന്നും ഉള്ള ഡ്രൈവർമാരുടെ പരാതികൾ പരിശോധിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam