
തെഹ്‌റാൻ:ലോകം കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ലോകത്തെ ഞെട്ടിച്ച മുന്നറിയിപ്പ് നൽകിയത്. "ഇന്നലെ അമേരിക്കയിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകൾ വർഷിച്ചു, അവർക്ക് പരിക്കേറ്റു. ഇന്ന് അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് നമ്മൾ ആക്രമിക്കും." അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിലാണ് ലാരിജാനി മറുപടി നൽകിയത്.
പശ്ചിമേഷ്യയിൽ കാലങ്ങളായി നിലനിന്നിരുന്ന അധികാര സമവാക്യങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമെനയി കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിലാണ് ഖാമെനയിയും കുടുംബാംഗങ്ങളും വധിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഖമനെയിയുടെ മരണം ഡൊണാൾഡ് ട്രംപാണ് ആദ്യം ലോകത്തെ അറിയിച്ചത്. തുടർന്ന് ഇറാൻ വാർത്താ ഏജൻസികൾ ഇത് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഖാംനഈയുടെ മകളും കൊച്ചുമകളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇതിനെത്തുടർന്ന് യുഎസ്, ഇസ്രായേൽ താവളങ്ങൾ അതീവ ജാഗ്രതയിലാണ്.
ഇറാൻ വീണ്ടും ആക്രമിച്ചാൽ ചരിത്രത്തിലുണ്ടാകാത്ത വിധം 'അഭൂതപൂർവ്വമായ കരുത്തിൽ' തിരിച്ചടിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. "അവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്" എന്ന് ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇറാന്റെ ഭരണഘടനയിൽ മാറ്റം വരുത്തുകയും നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
നേതാവിന്റെ വധത്തെത്തുടർന്ന് ഇറാനിൽ ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലാണ്. വൻ സുരക്ഷാ സന്നാഹമാണ് തെഹ്‌റാനിലും മറ്റ് നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. 1989 മുതൽ ഇറാനെ നയിച്ചിരുന്ന ഖാംനഈയുടെ അസാന്നിധ്യത്തിൽ ആരാകും അടുത്ത നേതാവെന്ന ചോദ്യം ഇറാനെ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam