എയർബാഗിലെ സാങ്കേതിക തകരാറിനെ തുടർന്ന് 14,470 ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിച്ചു. ‘റേഞ്ച് റോവർ’, ‘ഡിഫെൻഡർ’, ‘ഡിസ്കവറി’ എന്നീ സീരീസുകളിൽപ്പെട്ട വാഹനങ്ങളെയാണ് ഈ നടപടി ബാധിക്കുന്നത്.
റിയാദ്: എയർബാഗിലെ സാങ്കേതിക തകരാറിനെത്തുടർന്ന് 14,470 ലാൻഡ് റോവർ വാഹനങ്ങൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. 2020 മുതൽ 2026 വരെയുള്ള മോഡലുകളിലെ ‘റേഞ്ച് റോവർ’, ‘ഡിഫെൻഡർ’, ‘ഡിസ്കവറി’ എന്നീ സീരീസുകളിൽപ്പെട്ട വാഹനങ്ങളെയാണ് ഈ നടപടി ബാധിക്കുന്നത്.
ഡ്രൈവർ സീറ്റിലെ എയർബാഗ് കണക്ടറിലുണ്ടായ തകരാറാണ് തിരിച്ചുവിളിക്കലിന് കാരണം. വാഹനം അപകടത്തിൽപ്പെടുമ്പോൾ എയർബാഗ് ശരിയായി നിവരാതിരിക്കാനും, അതുവഴി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കാനുമുള്ള സാധ്യത മുന്നിൽക്കണ്ടാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഈ തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ടിട്ടുള്ള വാഹനങ്ങളുടെ ഉടമസ്ഥർ ‘ഇസ്തിദ്ആ’ (recalls.sa) വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ വാഹനത്തിന്‍റെ ഷാസി നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. തകരാറുകൾ പരിഹരിക്കുന്നതിനായി നിർദ്ദിഷ്ട അംഗീകൃത ഡീലർമാരുമായി ബന്ധപ്പെടാനും, ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർണമായും സൗജന്യമായി ചെയ്തുതീർക്കാനും മന്ത്രാലയം വാഹന ഉടമകളോട് അഭ്യർത്ഥിച്ചു.


