
ലോസ് ആഞ്ചലസ്: ഗാസയിൽ താമസിക്കുന്ന പലസ്തീനിയെ വിവാഹം കഴിച്ച് അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ അധ്യാപിക. ലോസ് ആഞ്ചലസിലെ നൃത്ത അധ്യാപികയായ ലോറ പിഞ്ഞോ ആണ് ഗാസയിൽ നിന്നുള്ള സലേം അബു അമ്രയെ ഓൺലൈനായി വിവാഹം കഴിച്ചത്. ജൂൺ 16ന് നടന്ന സൂം വെബിനാറിലാണ് 51കാരിയായ ലോറ, താൻ വിവാഹിതയായത് വെളിപ്പെടുത്തിയത്. എന്നാൽ യുഎസ് പൗരത്വം നേടിക്കൊടുക്കാനും പലസ്തീൻ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് കരുത്ത് പകരാനുമാണ് അബു അമ്രയെ വിവാഹം ചെയ്തതെന്ന ലോറയുടെ വെളിപ്പെടുത്തൽ മറുവശത്ത് വിവാദമാക്കുന്നുണ്ട്.
യുദ്ധവിരുദ്ധ സംഘടനയായ കോഡ്പിങ്ക് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെ ആണ് ലോറ പിഞ്ഞോ, താൻ വിവാഹിതയായ കാര്യം വെളിപ്പെടുത്തിയത്. ലോറയുടെ തീരുമാനത്തെ കോഡ്പിങ്ക് ആക്ടിവിസ്റ്റ് മാർസി വിനോഗ്രാഡ് അഭിനന്ദിച്ചു. സലേം അബു അമ്രയുടെ ആക്ടിവിസമാണ് തന്നെ ആകർഷിച്ചതെന്ന് ലോറ പിഞ്ഞോ വെബിനാറിൽ പറഞ്ഞു.
ഒരു അമേരിക്കൻ പൗരൻ എന്ന നിലയിൽ തനിക്ക് ചില അധികാരങ്ങളുണ്ട്. ജനിച്ചപ്പോൾത്തന്നെ തനിക്ക് ലഭിച്ച പാസ്‌പോർട്ട് കൈവശമുണ്ട്. സാധ്യമാകുന്ന ഏതു രീതിയിലാണെങ്കിലും എല്ലാവർക്കും തുല്യമായ ഒരു സാഹചര്യം ഒരുക്കാൻ തൻ്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഈ ലോകത്ത് ജീവിക്കാൻ കഴിയുകയെന്ന് ലോറ പിഞ്ഞോ ചോദിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് യൂറ്റായിലെ ഓൺലൈൻ മാര്യാജ് സംവിധാനത്തിലൂടെ ആണ് ലോറ പിഞ്ഞോ സലേം അബു അമ്രയെ വിവാഹം കഴിച്ചത്. കൗണ്ടി മാര്യേജ് ലൈസൻസും സാധുവായ തിരിച്ചറിയൽ രേഖയും രണ്ട് സാക്ഷികളും ഉണ്ടെങ്കിൽ യൂറ്റയിൽ വെര്‍ച്വൽ വിവാഹം സാധ്യമാകുന്ന നിയമമാണ് ലോറ പിഞ്ഞോ ഉപയോഗപ്പെടുത്തിയത്. വിവാഹത്തിന് ഒരുമാസം മുമ്പ് അഞ്ചംഗ കുടുംബത്തിലെ ഏക ആശ്രയമായ അബു അമ്രയ്ക്കായി ലോറ ഓൺലൈനിലൂടെ ധനസമാഹരണം നടത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ആണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പണം നൽകിയതിന് നന്ദി അറിയിക്കാനായി ലോറയെ അബു അമ്ര വിളിച്ചതോടെ ഇരുവർക്കുമിടയിലുള്ള ബന്ധം വളർന്നു.
കുടിയേറ്റ ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനായി ഒരാളെ വിവാഹം ചെയ്യുന്നത് ഗുരുതര നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് ഇമിഗ്രേഷൻ വിദഗ്ധരുടെ മുന്നറിയിപ്പ്. ലോറ പിഞ്ഞോയുടെ പരസ്യപ്രതികരണം ഫെഡറൽ പരിശോധനയ്ക്ക് ഇടയാക്കാമെന്നും വിദഗ്ധർ പറഞ്ഞു. യുഎസ് ഫെഡറൽ നിയമപ്രകാരം, സ്ഥിരതാമസ രേഖയായ ഗ്രീൻ കാർഡ് നേടിക്കൊടുക്കാനായി വിവാഹം ചെയ്യുന്നത് അഞ്ച് വർഷം വരെ തടവും രണ്ടര ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam