യുഎസ് പ്രസിഡന്റ് എയർഫോഴ്സ് വൺ വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ രഹസ്യയാത്ര നടത്തിയതിലാണ് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ പരിഹാസം. ഇറാന്റെ സൈനിക ശക്തിയെ ഭയന്നാണ് ട്രംപ് രഹസ്യമായി വിമാനം മാറിക്കയറി യാത്രചെയ്തതെന്നായിരുന്നു ഇറാനിലെ സർക്കാർ ടെലിവിഷനിലെ അവതാരകൻ പറഞ്ഞത്. ഇത് ട്രംപിന് വലിയ നാണക്കേടായി മാറിയെന്നും ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ പറഞ്ഞു.
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും. തുർക്കിയിൽനിന്ന് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് എയർഫോഴ്സ് വൺ വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ രഹസ്യയാത്ര നടത്തിയതിലാണ് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ പരിഹാസം. ഇറാന്റെ സൈനിക ശക്തിയെ ഭയന്നാണ് ട്രംപ് രഹസ്യമായി വിമാനം മാറിക്കയറി യാത്രചെയ്തതെന്നായിരുന്നു ഇറാനിലെ സർക്കാർ ടെലിവിഷനിലെ അവതാരകൻ പറഞ്ഞത്. ഇത് ട്രംപിന് വലിയ നാണക്കേടായി മാറിയെന്നും ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും വിഷയത്തിൽ ട്രംപിനെ പരിഹസിച്ച് രംഗത്തെത്തി. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ട്രംപിനെ പരിഹസിച്ചുള്ള മീമുകളടക്കം എംബസി പങ്കുവെയ്ക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് കാറ്ററിങ് ബോക്സിനുള്ളിൽ ഒളിച്ചിരിക്കുന്ന എഐ നിർമിത ചിത്രമാണ് എംബസി പങ്കുവെച്ചത്. അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരുമെന്ന കുറിപ്പും ഇതിനോടൊപ്പമുണ്ടായിരുന്നു.
തുർക്കിയിൽ നാറ്റോ ഉച്ചകോടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇറാന്റെ വധഭീഷണിയെത്തുടർന്ന് ട്രംപ് വിമാനം മാറിക്കയറി ബ്രിട്ടനിലേക്ക് സഞ്ചരിച്ചത്. അങ്കാറ വിമാനത്താവളത്തിൽനിന്ന് എല്ലാവർക്കും മുന്നിൽവെച്ച് എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ വിമാനത്തിൽനിന്ന് രഹസ്യമായി പുറത്തിറക്കി കാറ്ററിങ് ട്രക്കിലേക്ക് കയറ്റിയെന്നും പിന്നീട് മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നുമായിരുന്നു വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. തുടർന്ന് ഈ വിമാനത്തിലാണ് ട്രംപ് ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഇറാനിൽനിന്ന് വധഭീഷണിയുണ്ടെന്നും ട്രംപിന്റെ വിമാനത്തിന് നേരേ മിസൈൽ ആക്രമണമുണ്ടായേക്കാമെന്നും അമേരിക്കൻ സീക്രട്ട് സർവീസ് വിവരം നൽകിയിരുന്നതായാണ് പറയുന്നത്. ഇതേത്തുടർന്നാണ് രഹസ്യമായി വിമാനം മാറിക്കയറി അദ്ദേഹം യാത്രചെയ്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തുർക്കിയിലെ ഹോട്ടൽ കെട്ടിടത്തിന്റെ ഏത് നിലയിലാണ് ട്രംപ് താമസിച്ചിരുന്നത് എന്നതടക്കമുള്ള വിവരങ്ങൾ ഇറാൻ മനസിലാക്കിയിരുന്നതായി യുഎസ് അധികൃതരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. അതേസമയം, ട്രംപിന്റെ രഹസ്യയാത്രയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. ഇറാൻ ഭരണകൂടമോ ബന്ധപ്പെട്ടവരോ ഈ റിപ്പോർട്ടുകൾ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണവും നടത്തിയിട്ടില്ല.


