
വാഷിങ്ടൺ: പശ്ചിമേഷ്യൻ പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയിൽ അമേരിക്കയിലും ഇസ്രായേലിലും ഭരണനേതൃത്വത്തോട് അതൃപ്തിയെന്ന് സർവേകൾ. രണ്ട് വ്യത്യസ്ത സർവേകളിലാണ് കണ്ടെത്തൽ. ഹീബ്രൂ യൂണിവേഴ്സിറ്റിയുമായി ചേർന്ന് അഗം ഇൻസ്റ്റിറ്റ്യൂട്ട് നടത്തി, ചാനൽ12ൽ പ്രസിദ്ധീകരിച്ച സർവേയിലും അസോസിയേറ്റഡ് പ്രസ് - എൻഒആർസി സെൻ്റർ ഫോർ പബ്ലിക് അഫേഴ്സ് റിസർച്ച് നടത്തിയ സർവേയിലുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹീബ്രൂ യൂണിവേഴ്സിറ്റിയുമായി ചേർന്ന് അഗം ഇൻസ്റ്റിറ്റ്യൂട്ട് നടത്തി, ചാനൽ12ൽ പ്രസിദ്ധീകരിച്ച സർവേ പ്രകാരം, യുദ്ധത്തിൽ ഇറാൻ ജയിച്ചതായി 92.1 ശതമാനം ഇസ്രായേലുകാരും കരുതുന്നു. യുദ്ധത്തിൻ്റെ ഫലം പ്രതികൂലമായെന്ന് 86 ശതമാനം പേരും കരുതുന്നതായി സർവേയിലുണ്ട്. ഇസ്രായേലിൻ്റെ ദീർഘകാല സുരക്ഷ ദുർബലപ്പെട്ടതായി സർവേയിൽ പങ്കെടുത്ത 82.9 ശതമാനം പേരും കരുതുന്നു. ഇസ്രായേൽ തങ്ങളുടെ സുരക്ഷാ സാഹചര്യം ഗണ്യമായി മെച്ചപ്പെടുത്തിയെന്ന പ്രധാനമന്ത്രിയുടെ വാദത്തെ 72.5 ശതമാനം ആളുകളും വിശ്വസിക്കുന്നില്ലെന്നും സർവേയിൽ പറയുന്നു.
സൈനിക നീക്കത്തിൽ ഇസ്രായേൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുകയോ ലക്ഷ്യങ്ങൾ ഭാഗികമായി മാത്രം നേടുകയോ ചെയ്തു എന്നാണ് 87.8 ശതമാനം പേരുടെയും അഭിപ്രായം. 56.4 ശതമാനം പേരും യുദ്ധത്തിൽ നെതന്യാഹുവിന്റെ ഭരണനിർവഹണം മോശമാണെന്നോ പരാജയമാണെന്നോ വിശേഷിപ്പിച്ചു. അതേസമയം വിമർശനങ്ങൾക്കിടയിലും തുടർന്നുള്ള സൈനിക നടപടികൾക്കുള്ള പിന്തുണ സർവേയിൽ പങ്കെടുത്തവർക്കിടയിൽ ശക്തമാണ്.
ഹിസ്ബുള്ളയ്‌ക്കെതിരെ വീണ്ടും വൻതോതിലുള്ള സൈനിക നടപടികൾ ആരംഭിക്കുന്നതിനെ 48.2 ശതമാനം ഇസ്രായേലികളും പിന്തുണയ്ക്കുന്നതായി സർവേ കണ്ടെത്തി. ജൂൺ 17 മുതൽ 20 വരെ നടന്ന സർവേയിൽ 17 വയസ്സിന് മുകളിലുള്ള 3644 ഇസ്രായേൽ പൗരന്മാരാണ് പങ്കെടുത്തത്.
അതേസമയം അസോസിയേറ്റഡ് പ്രസ് - എൻഒആർസി സെൻ്റർ ഫോർ പബ്ലിക് അഫേഴ്സ് റിസർച്ച് നടത്തിയ സർവേ പ്രകാരം, ഇറാനുമായുള്ള വിഷയം കൈകാര്യം ചെയ്ത പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ രീതിയോട് അമേരിക്കയിലെ 65 ശതമാനം മുതിർന്ന പൗരന്മാരും വിയോജിപ്പ് രേഖപ്പെടുത്തി. ഭൂരിഭാഗം ഡെമോക്രാറ്റുകളും സ്വതന്ത്ര നിലപാടുകാരും ട്രംപിന്റെ സമീപനത്തെ എതിർത്തപ്പോൾ, 28 ശതമാനം റിപ്പബ്ലിക്കൻമാർ മാത്രമാണ് തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയത്. യുഎസിന്റെ സൈനിക ഇടപെടലുകൾ പരിധി ലംഘിച്ചതായി പലരും കരുതുന്നതായി സർവേയിലുണ്ട്. ഇറാനെതിരെയുള്ള അമേരിക്കൻ സൈനിക നടപടികൾ അതിരുവിട്ടുപോയെന്ന് 53 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.
അതിനിടെ, റിപ്പബ്ലിക്കൻമാർക്കിടയിൽ ഭിന്നാപ്രിയമുണ്ട്. ഏകദേശം പത്തിൽ നാലുപേർ യുഎസിന്റെ നടപടികൾ ശരിയായ രീതിയിലാണെന്ന് പറഞ്ഞപ്പോൾ, നടപടികൾ വേണ്ടത്ര ശക്തമായിരുന്നില്ല എന്നാണ് 37 ശതമാനം പേരുടെ പ്രതികരണം. വിലക്കയറ്റത്തിലും വിദേശനയങ്ങളിലുള്ള ഭരണകൂടത്തിന്റെ അമിത ശ്രദ്ധയിലും ചിലർ നിരാശ പ്രകടിപ്പിച്ചു. ട്രംപ് സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്ന രീതിയെ പിന്തുണയ്ക്കുന്നത് അമേരിക്കക്കാരിൽ മൂന്നിലൊന്ന് പേർ മാത്രമാണെന്നും സർവേയിലുണ്ട്. ജൂൺ 11 മുതൽ 17 വരെയാണ് സർവേ നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam