ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. 'മിഡിൽ കോറിഡോർ' എന്നറിയപ്പെടുന്ന ഈ പാത സംയുക്തമായി നിയന്ത്രിക്കാനാണ് നിർദേശം. ഈ വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവുണ്ടായിട്ടുണ്ട്.
ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരിഗണനയിൽ. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താൽക്കാലിക ഗതാഗത പാത സംബന്ധിച്ച് ധാരണയിലെത്തിയെന്ന് ഇറാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഒമാനുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. എന്നാൽ ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചു. ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് ഇറാനും വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇന്നലെ സൂചന നൽകിയിരുന്നു.
ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്. അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇറാന്റെ സമുദ്രാതിർത്തിയിലൂടെയുള്ള പാതക്കും ഒമാൻ തീരത്തോട് ചേർന്ന് അമേരിക്ക നിർദ്ദേശിച്ച തെക്കൻ പാതക്കും ബദലായി മിഡിൽ കോറിഡോർ സജീവമാക്കാനാണ് ലക്ഷ്യം. ഈ പാത ഇറാനും ഒമാനും ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഇറാന്റെ നിർദേശം.
