പശ്ചിമേഷ്യയിലെ സംഘർഷം, എണ്ണ കിട്ടാനില്ല, താറുമാറായി ഇന്ധന വിതരണം, രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് നേപ്പാൾ

Published : Apr 05, 2026, 08:32 PM IST
Nepal fuel crisis two day weekend

Synopsis

ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഞായറാഴ്ച കൂടി അവധി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്

കാഠ്മണ്ഡു: പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചതോടെ നേപ്പാളിൽ സർക്കാർ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച കാഠ്മണ്ഡുവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശനിയും ഞായറും അവധി നൽകാൻ തീരുമാനിച്ചത്. ഇന്ധന വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 6 മുതൽ പുതിയ തീരുമാനം നിലവിൽ വരും. സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്ന് സർക്കാർ വക്താവ് സസ്മിത് പൊഖാറേൽ അറിയിച്ചു. ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഞായറാഴ്ച കൂടി അവധി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് പൊഖാറേൽ പറഞ്ഞു. പുതിയ മാറ്റം വരുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.

പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഇന്ധന ലഭ്യതയിൽ അനിശ്ചിതത്വം വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ഭാവിയിലെ ഇന്ധനക്ഷാമം പരിഹരിക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവരുൾപ്പെട്ട സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതാണ് നേപ്പാളിൽ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും പ്രധാന കാരണം. രാജ്യത്ത് ഇന്ധനവില എക്കാലത്തെയും ഉയർന്ന നിലയിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള നേപ്പാൾ ഓയിൽ കോർപ്പറേഷൻ ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചതോടെ കാഠ്മണ്ഡു താഴ്‌വരയിൽ പെട്രോൾ വില ലിറ്ററിന് 202 നേപ്പാളി രൂപയായി. ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില ലിറ്ററിന് 182 രൂപയായും ഉയർന്നു.

കഴിഞ്ഞയാഴ്ച ചേർന്ന എൻഒസി ഡയറക്ടർ ബോർഡ് യോഗമാണ് പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയ്ക്ക് ലിറ്ററിന് 15 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചത്. മാർച്ച് 15, മാർച്ച് 25 തീയതികളിലെ വർധനവിന് ശേഷം, 18 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. 2022 ജൂണിലെ റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. അന്ന് പെട്രോളിന് 199 രൂപയും ഡീസലിന് 192 രൂപയുമായിരുന്നു വില. പിന്നീട് പലതവണ വിലയിൽ മാറ്റം വന്നിരുന്നു. 2026 ജനുവരിയിൽ പെട്രോൾ വില 156 രൂപയായും ഡീസൽ വില 137 രൂപയായും കുറഞ്ഞിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധകാലത്തും വില കുതിച്ചുയർന്നിരുന്നെങ്കിലും ഇപ്പോഴത്തെ വർധനവ് അഭൂതപൂർവമാണ്. കഴിഞ്ഞ 18 ദിവസം കൊണ്ട് മാത്രം പെട്രോളിന് 45 രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 40 രൂപയുമാണ് വർധിച്ചത്.

ആഭ്യന്തര വിമാന ഇന്ധനത്തിന്റെ വില ലിറ്ററിന് 124 രൂപ വർധിച്ച് 251 രൂപയായി. നേരത്തെ ഇത് 127 രൂപയായിരുന്നു. കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള ഇന്ധനവില കിലോലിറ്ററിന് 819 ഡോളറിലെത്തി. പുതിയ വില വർധനവ് നടപ്പാക്കിയിട്ടും പെട്രോളിന് ലിറ്ററിന് 34.36 രൂപയും ഡീസലിന് 120.54 രൂപയും ഓരോ എൽപിജി സിലിണ്ടറിനും 416.37 രൂപയും നഷ്ടം സഹിക്കുന്നുണ്ടെന്ന് എൻഒസി പറയുന്നു. രണ്ടാഴ്ച കൂടുമ്പോൾ ഏകദേശം 11.71 ബില്യൺ രൂപയുടെ നഷ്ടമാണ് കമ്പനി കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓപ്പൺ ​ദ ഫ***** സ്ട്രെയിറ്റ്, യൂ ബാ****** ; ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം; നിർണായക ഉന്നതതല ചർച്ച നടത്തി ഒമാനും ഇറാനും