
ടെഹ്‌റാൻ: ഇറാൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ അധികാരമാറ്റത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ചുമതലയേറ്റ മുജ്തബ ഖമേനി, പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്തിന്‍റെ ഭരണം പൂർണ്ണമായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ജനറൽമാർ ഏറ്റെടുത്തതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ഒരു കോർപ്പറേറ്റ് ഡയറക്ടർ ബോർഡിന് സമാനമായാണ് മുജ്തബ ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും എന്നാൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സൈനിക ജനറൽമാരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിൽ പിതാവിനൊപ്പം മുജ്തബയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മുജ്തബ ഇപ്പോൾ പൊതുവേദിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. അദ്ദേഹത്തിന്‍റെ ഒരു കാൽ മുറിച്ചുമാറ്റിയതായും കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയതായും വിവരമുണ്ട്. മുഖത്തും ചുണ്ടിലും ഏറ്റ പൊള്ളൽ കാരണം സംസാരിക്കാൻ പ്രയാസമുള്ളതിനാലാണ് അദ്ദേഹം ശബ്‍ദസന്ദേശങ്ങൾക്ക് പകരം രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രം പുറത്തിറക്കുന്നത്. ഇസ്രായേൽ നിരീക്ഷണം ഭയന്ന് മുതിർന്ന നേതാക്കൾക്ക് പോലും അദ്ദേഹത്തെ സന്ദർശിക്കാൻ അനുവാദമില്ല. ഹൃദയ ശസ്ത്രക്രിയ വിദഗ്‍ദൻ കൂടിയായ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയന്‍റെയും ആരോഗ്യ മന്ത്രിയുടെയും മേൽനോട്ടത്തിലാണ് മുജ്തബയുടെ ചികിത്സ നടക്കുന്നത്. മുജ്തബയ്ക്ക് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നാണ് വിവരങ്ങൾ.
രാജ്യത്തിന്‍റെ തന്ത്രപരമായ തീരുമാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം പാടെ മാറ്റിനിർത്തിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ അധികാരം വെട്ടിക്കുറയ്ക്കുകയും പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന് വിദേശ കാര്യങ്ങളിൽ കൂടുതൽ പ്രാധാന്യം ലഭിക്കുകയും ചെയ്തു. ഇസ്രായേലുമായുള്ള സൈനിക നീക്കങ്ങൾ, സമുദ്രപാതകൾ അടയ്ക്കൽ, വാഷിംഗ്ടണുമായി നടത്തിയ വെടിനിർത്തൽ ചർച്ചകൾ എന്നിവയിലെല്ലാം ഐആർജിസിക്കാണ് പൂർണ്ണ നിയന്ത്രണം. ഇറാൻ ചരിത്രത്തിൽ ആദ്യമായി യുഎസുമായുള്ള ചർച്ചാ സംഘത്തിൽ മുതിർന്ന ഗാർഡ് കമാൻഡർമാരെ നേരിട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഇറാൻ ഭരണകൂടത്തിന്‍റെ ബാലൻസ് ഓഫ് പവർ പൂർണ്ണമായും സൈനിക പക്ഷത്തേക്ക് നീങ്ങിയിരിക്കുകയാണ്. പ്രസിഡന്‍റ് പെസെഷ്കിയനും സംഘവും ആഭ്യന്തര കാര്യങ്ങളിലും അവശ്യസാധനങ്ങളുടെ വിതരണത്തിലും മാത്രം ഒതുങ്ങുമ്പോൾ, രാജ്യത്തിന്‍റെ നയതന്ത്ര-സൈനിക മേഖലകൾ ജനറൽമാരുടെ കയ്യിൽ സുരക്ഷിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പൗരോഹിത്യത്തിന്‍റെ സ്വാധീനം കുറയുകയും തീവ്ര നിലപാടുള്ള സൈനിക ഉദ്യോഗസ്ഥർ ഇറാൻ രാഷ്ട്രീയത്തിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ ടെഹ്‌റാനിൽ പ്രകടമാകുന്നതെന്നും 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam