
ദില്ലി: ഓസ്ട്രിയയിലെ ഏറ്റവും ഉയരം കൂടിയ ഗ്രോസ്ഗ്ലോക്ക്‌നർ പർവതം കയറാൻ പോയ 33കാരി കെർസ്റ്റിൻ ഗർട്ട്നറുടെ മരണത്തിൽ കാമുകനായ യുവാവിനെതിരെ ആരോപണം. പർവതാരോഹണത്തിൽ ദീർഘകാല പരിചയസമ്പന്നനായ കാമുകൻ തോമസ് പ്ലാംബെർഗറിനൊപ്പം (39) പോയപ്പോഴാണ് മരണം സംഭവിച്ചത്. സംഭവത്തിൽ തോമസിനെതിരെ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. മനപ്പൂർവം കെർസ്റ്റിനെ മരണത്തിലേക്ക് തള്ളിവിട്ടെന്നാണ് ആരോപണം.
പ്ലാംബെർഗറിനെതിരെ ഗുരുതരമായ അശ്രദ്ധമൂലമുള്ള നരഹത്യയ്ക്ക് ഓസ്ട്രിയയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്, കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. 2026 ഫെബ്രുവരി 19 ന് ഇൻസ്ബ്രക്ക് റീജിയണൽ കോടതിയിൽ കേസ് പരിഗണിക്കും.
ഈ വർഷം ജനുവരിയിലാണ് ഇരുവും മല കയറാൻ പോയത്. ഇവിടെ വച്ച് അപകടത്തിൽപെട്ട് കിർസ്റ്റിൻ മരിച്ചു. ഒരു വർഷത്തോളം സമയമെടുത്താണ് മരിച്ചത് കിർസ്റ്റിനാണെന്ന് തിരിച്ചറിഞ്ഞത്. മുൻകൂട്ടി തീരുമാനിച്ചതിലും 2 മണിക്കൂർ വൈകി യാത്ര പുറപ്പെട്ടതും -20°C താപനിലയിലും ചുഴലിക്കാറ്റ് അടക്കം വെല്ലുവിളി ഉയർത്തിയ സമയമാണ് യാത്രക്ക് തിരഞ്ഞെടുത്തത് എന്നതാണ് കാമുകനെതിരെ ആരോപണം നീളാനുള്ള പ്രധാനകാരണം. ഗ്രോസ്ഗ്ലോക്ക്‌നർ പർവതത്തിൻ്റെ കൊടുമുടിയിൽ നിന്ന് 150 അടി താഴെ വച്ച് അവശത നേരിട്ട കിർസ്റ്റിനെ പുലർച്ചെ 2 മണിയോടെ തോമസ് പ്ലാംബെർഗർ ഉപേക്ഷിച്ച് മുന്നോട്ട് പോയെന്നാ് പുറത്തുവരുന്ന വിവരം.
കൊടും തണുപ്പിൽ നിന്ന് കിർസ്റ്റിനെ രക്ഷിക്കാൻ കൈയ്യിലുണ്ടായിരുന്ന പുതപ്പ് തോമസ് ഉപയോഗിച്ചില്ല. ബിവോക് സഞ്ചിയും ഉപയോഗിച്ചില്ല. രക്ഷാ സേവനങ്ങൾ തേടാൻ വൈകി. രണ്ട് മണി കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് പ്ലാംബെർഗർ ആദ്യ സഹായം തേടിയത്. എന്നാൽ ഈ കോളിന് ശേഷം ഫോൺ നിശബ്ദമായി. ഏജൻസികൾക്ക് ഇദ്ദേഹത്തെ തിരിച്ച് ബന്ധപ്പെടാനായില്ല. പിറ്റേന്ന് രാവിലെ രക്ഷാപ്രവർത്തകർ ഇവിടേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് തടസമായി. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam