ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം, സ്കൂളുകൾക്ക് അവധി, വെനസ്വേലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 164ആയി

Published : Jun 25, 2026, 04:50 PM IST
 earthquake in Caracas

Synopsis

തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാലും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചില്ലാത്തതിനാലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്

കാരക്കാസ്: ഒന്നിന് പുറകേ ഒന്നായി രണ്ട് അതിശക്ത ഭൂചലനം. വെനസ്വേലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. 974 പേർക്കാണ് തുടർച്ചയായുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളിൽ മരണസംഖ്യ ആദ്യം 32 ആണെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാലും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചില്ലാത്തതിനാലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണ് ബുധനാഴ്ചയുണ്ടായത്. ഭൂചലനത്തിന്റെ ആഘാതം വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നിന്നും ഏകദേശം 1050 മൈൽ അകലെയുള്ള ബ്രസീലിന്റെ ആമസോൺ മേഖലകളിൽ വരെ അനുഭവപ്പെടുകയും ചെയ്തു. ഭൂചലനത്തെത്തുടർന്ന് വെനസ്വേലയിലെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളീവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതോടെ വിമാനത്താവളം താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

രാജ്യത്തെ സ്കൂളുകൾക്ക് ദിവസങ്ങളോളം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്കൂളുകൾ താൽക്കാലിക അഭയകേന്ദ്രങ്ങളായും സംഭാവനകൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളായും ഉപയോഗിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദമാക്കി. തീരദേശ സംസ്ഥാനമായ ഫാൽക്കണിൽ 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഭൂചലനം നടന്ന് നാല് മണിക്കൂറുകൾക്ക് ശേഷവും 15 പേർ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഗവർണർ വിക്ടർ ക്ലാർക്ക് വ്യക്തമാക്കി. യു.എസ്. ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ആദ്യത്തെ ഭൂചലനം മൊണ്ടാൽബാൻ നഗരത്തിന് 17.6 മൈൽ വടക്കുപടിഞ്ഞാറായി 8.2 മൈൽ ആഴത്തിലാണ് ഉണ്ടായത്. തുടക്കത്തിൽ ഇത് 7.1 തീവ്രത രേഖപ്പെടുത്തിയെങ്കിലും പിന്നീട് 7.2 ആയി പുതുക്കി നിശ്ചയിച്ചു. എന്നാൽ ഈ ഭൂചലനം നടന്ന് വെറും 39 സെക്കന്റുകൾക്ക് ശേഷം, ആദ്യത്തെ പ്രഭവകേന്ദ്രത്തിന് തൊട്ടുവടക്കായി മൊണ്ടാൽബാൻ നഗരത്തിന് 21 മൈൽ വടക്കുപടിഞ്ഞാറായി 7.5 തീവ്രതയുള്ള രണ്ടാമത്തെ അതിശക്തമായ ഭൂചലനവും അനുഭവപ്പെട്ടു. ഇതൊരു ഇരട്ട ഭൂചലനമായിരുന്നുവെന്നും 7.5 തീവ്രതയുള്ള പ്രധാന ഭൂചലനത്തിന് തൊട്ടുമുമ്പുള്ള പ്രകമ്പനമായിരുന്നു ആദ്യത്തേതെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഭൂചലനത്തെ തുടർന്ന് നാഷണൽ വെതർ സർവീസിന്റെ യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനം പ്യൂർട്ടോ റിക്കോയിലും വിർജിൻ ദ്വീപുകളിലും സുനാമി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.

ഭൂചലനത്തെത്തുടർന്ന് കാരക്കാസ് നഗരത്തിലെ ജനങ്ങൾ മണിക്കൂറുകളോളം തെരുവുകളിൽ തന്നെ കഴിഞ്ഞുകൂടേണ്ട അവസ്ഥയിലാണ്. കെട്ടിടങ്ങൾ തകരുകയും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന് റോഡുകളെല്ലാം അവശിഷ്ടങ്ങൾ കൊണ്ട് തടസ്സപ്പെട്ടു. തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. കെട്ടിടങ്ങൾ അതിശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്കോടുകയായിരുന്നു. കാരക്കാസിലെ അൽതാമിറ പ്രദേശത്ത് കെട്ടിടങ്ങൾ തകർന്നുവീണത് അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ വിശദമാക്കിയത്. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിച്ചേക്കാമെന്നും അതിനാൽ ജനങ്ങൾ വീടുകൾക്ക് പുറത്തുതന്നെ തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുട്ടികളുടെയും പ്രായമായവരുടെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും പരസ്പരം വിളിച്ച് എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കൻ തണൽ ഇനിയില്ല; യുഎസിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ഗൾഫ് രാജ്യങ്ങൾ
'അത് ചെയ്തത് അമേരിക്കയല്ല', ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് ട്രംപ്; 'ആരുടെ ഭാഗത്താണ് പിഴവെന്ന് ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞേക്കില്ല'