
ഫ്ലോറിഡ: പൊലീസ് പിടിക്കാതിരിക്കാൻ അമിതവേഗതയിൽ പാഞ്ഞ കാർ ബാറിലേക്ക് ഇടിച്ചുകയറി നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. ഫ്ലോറിഡയിലെ ടാമ്പ നഗരത്തി ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രാത്രി ജീവിതത്തിന് പേരുകേട്ട പ്രധാന വിനോദസഞ്ചാര നഗരത്തിലാണ് അപകടം നടന്നത്. നഗരത്തിൽ മറ്റൊരിടത്ത് മത്സരയോട്ടം നടത്തിയ വാഹനം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പൊലീസ് വാഹനം പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
എന്നാൽ വാഹനം അമിതവേഗത്തിൽ പാഞ്ഞ് ഡൗൺ ടൗണിന് അടുത്തുള്ള വൈബോർ സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ തങ്ങൾ പിന്മാറിയിരുന്നുവെന്നാണ് ഹൈവേ പട്രോളിങ് പൊലീസ് പറയുന്നത്. പിന്നീട് ഹെലികോപ്റ്ററിലായിരുന്നു പിന്തുടർന്നത്. ഇതിനിടെ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം ബാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലാമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് 11 പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഏഴ് പേരുടെ നില ഗുരുതരമല്ലെന്നും രണ്ട് പേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായും പൊലീസ് പറയുന്നു.
സംഭവത്തിൽ കാർ ഓടിച്ചിരുന്ന 22 കാരനായ സിലാസ് സാംസൺ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഹിൽസ്ബറോ കൗണ്ടി ജയിലിലേക്ക് മാറ്റി. പ്രതിക്കെതിരെ നാല് ഫസ്റ്റ് ഡിഗ്രി കുറ്റങ്ങൾ ചുമത്തിയെന്ന് പൊലീസ് അറിയിച്ചു.
അമേരിക്കയിൽ ഇത്തരത്തിൽ നിയമലംഘകരെ പൊലീസ് പിന്തുടരുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിരുന്നു. അതിനാൽ തന്നെ യുഎസിലെ ചില സംസ്ഥാനങ്ങളും തദ്ദേശ ഏജൻസികളും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ജീവൻ രക്ഷിക്കാൻ വേണ്ടി അതിവേഗ കാർ ചേസിംഗ് നിയന്ത്രിക്കാൻ നിർബന്ധിതരായിരുന്നു. ഇത്തരം അപകടങ്ങളിലെ മരണ നിരക്ക് കൂടുതലായതിനാൽ അത്യപൂർവമായി മാത്രമേ ചേസിങ് നടത്താവൂ എന്ന് യുഎസ് നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam