
പന്നോൺഹാൽമ: ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുസ്തകങ്ങൾക്ക് ഭീഷണിയായി ബിസ്കറ്റ് വണ്ട്. ഹംഗറിയിലെ ഏറ്റവും പഴക്കമുള്ള ലൈബ്രറിയെ ഭീഷണിയിലാക്കി കുഞ്ഞൻ വണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം തുടച്ച് നീക്കുമെന്ന ആശങ്കയിൽ കയ്യെഴുത്ത് പ്രതികൾ അടക്കം ഒരു ലക്ഷത്തിലേറെ പുരാതന പുസ്തകങ്ങളാണ് ലൈബ്രറി ജീവനക്കാർ സംരക്ഷിക്കാനുള്ള ഭഗീരഥ പ്രയത്നം നടത്തുന്നത്. യുനെസ്കോയുടെ പൈതൃക പദവിയുള്ള ലൈബ്രറിയാണ് ഹംഗറിയിലെ ബെനഡിക്റ്റൈൻ ആശ്രമം. ഇവിടുത്തെ ലൈബ്രറിയാണ് ഹംഗറിയിലെ ആദ്യത്തെ ലൈബ്രറിയായി കണക്കാക്കപ്പെടുന്നത്.
പുസ്തക സംരക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷത്തോളം കയ്യേഴുത്ത് പ്രതികൾ ഷെൽഫുകളിൽ നിന്ന് എടുത്ത് സൂക്ഷ്മമായി ആശ്രമത്തിലെ മറ്റൊരിടത്തേക്കാണ് മാറ്റുന്നത്. ഇതിന് ശേഷം ഇവിടെ ബിസ്ക്റ്റ് വണ്ട് അഥവാ ഡ്രഗ് സ്റ്റോർ വണ്ട് എന്ന കീടത്തിനെതിരായ മരുന്ന് പ്രയോഗം നടത്തും. ലൈബ്രറിയുടെ പല ഭാഗത്തും താവളം കണ്ടെത്തിയ ഡ്രഗ് സ്റ്റോർ വണ്ടുകളെ കൊന്നൊടുക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഗോതമ്പ്, ധാന്യപ്പൊടികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഇത്തരം വണ്ടുകളുടെ ആക്രമണത്തിന് ഇരയാവാറുള്ളത്. എന്നാൽ ജെലാറ്റിനും അന്നജവും ചേർത്ത് തയ്യാറാക്കിയ പശയാണ് ലൈബ്രറിയിലേക്ക് ഇത്തരം വണ്ടുകളെ ആകർഷിച്ചതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. നാല് ലക്ഷത്തിലേറെ ബുക്കുകൾ സൂക്ഷിച്ചിരുന്നതിന്റെ ഒരു ഭാഗത്തായാണ് വണ്ടുകളെ കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ലൈബ്രറിയെ വണ്ടുകൾ താവളമാക്കിയെന്ന് വ്യക്തമായത്. ഇതോടെയാണ് ലൈബ്രറി മുഴുവനായും കീടവിരുദ്ധമാക്കാൻ തീരുമാനിച്ചത്. ഇത്ര ഉയർന്ന രീതിയിലെ കീടബാധ ആദ്യമായാണ് എന്നാണ് ലൈബ്രറി സംരക്ഷകർ വിശദമാക്കുന്നത്.
ലൈബ്രറിയിലെ സാധാരണ പരിശോധനയിലാണ് വണ്ടുകളെ ആദ്യം കണ്ടെത്തിയത്. ഈ ഘട്ടത്തിൽ ജീവനക്കാർ തന്നെയായിരുന്നു വണ്ടുകളെ തുരത്തിയിരുന്നത്. നിരവധി ബുക്കുകൾ ഇതിനോടകം ഇവ തിന്നു തീർത്തിട്ടുണ്ട്. ഹംഗറിയിലെ രാജകുടുംബം സ്ഥാപിതമായി നാല് വർഷത്തിന് ശേഷം 996ലാണ് ഈ ലൈബ്രറി സ്ഥാപിതമായത്. ഹംഗറിയിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ അദ്യത്തെ എഴുതപ്പെട്ട ചരിത്ര ബുക്കുകളിൽ ഏറെയും ഈ ലൈബ്രറിയിലുണ്ട്. 13ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ബൈബിൾ അടക്കമുള്ളവ ഈ ലൈബ്രറിയിലുണ്ട്. സാംസ്കാരിക, ചരിത്ര ബുക്കുകളിലാണ് നിലവിൽ ഡ്രഗ് സ്റ്റോർ വണ്ട് ആക്രമിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കീടങ്ങളെ കണ്ടെത്തിയ ബുക്കുകളെ പ്രത്യേകമായി പ്ലാസ്റ്റിക് ചാക്കുകളിൽ വച്ച് അതിലെ ഓക്സിജൻ സാന്നിധ്യം പൂർണമായി നീക്കം ചെയ്താണ് ഡ്രഗ് സ്റ്റോർ വണ്ടിനെ കൊല്ലുക. ആറ് ആഴ്ചയോളം പൂർണമായും നൈട്രെജൻ അന്തരീക്ഷം നൽകിയാൽ ലൈബ്രറിയിൽ നിന്ന് ഡ്രഗ് സ്റ്റോർ വണ്ടിനെ തുടച്ച് നീക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതരുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam