
സിഡ്നി: വെറും 48 മണിക്കൂറിൽ സ്രാവുകൾ കടിച്ച് കീറിയത് 4 പേരെ. ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ 15 കിലോമീറ്ററിനുള്ളിലാണ് സ്രാവുകളുടെ ആക്രമണം രൂക്ഷമായത്. കടൽ തീരത്ത് അടക്കം ഇറങ്ങുന്നവർക്ക് നേരെ സ്രാവുകൾ പാഞ്ഞെത്താൻ തുടങ്ങിയതോടെ ബീച്ചിൽ ഇറങ്ങുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് മേഖലയിൽ സിഡ്നി തുറമുഖത്തിന് സമീപത്തായി നീന്തിക്കൊണ്ടിരുന്ന 12കാരനെ ജനുവരി 18നാണ് സ്രാവുകൾ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കൌമാരക്കാരൻ ഇന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു. പിന്നാലെ സർഫിംഗിനിറങ്ങിയ 11കാരനെയാണ് ഡീ വൈ ബിച്ചിൽ സ്രാവുകൾ ആക്രമിച്ചത്. ഇതേ സമയത്ത് തന്നെ മറ്റൊരു യുവാവിനെയും സ്രാവുകൾ ആക്രമിച്ചിരുന്നു. ജനുവരി 20ന് സർഫിംഗിന് ഇറങ്ങിയ യുവാവിന്റെ നെഞ്ചിലാണ് സ്രാവിന്റെ കടിയേറ്റത്. 20 വർഷത്തിനിടയിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സ്രാവ് ആക്രമണങ്ങൾ ആദ്യമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. സ്രാവുകളെ ഭയന്ന് ബീച്ചുകൾ അടച്ചു. പിന്നാലെ സ്രാവുകളെ കൊല്ലണമെന്നുള്ള ആവശ്യം പ്രദേശവാസികൾക്കിടയിൽ ശക്തമാവുകയാണ്. എന്നാൽ സ്രാവുകളോടുള്ള മനുഷ്യന്റെ ഇടപെടലിൽ മാറ്റം വരുത്തുകയാണ് വേണ്ടതെന്നും അവയെ കൊന്നൊടുക്കുകയല്ല വേണ്ടതെന്നുമാണ് വിദഗ്ധർ വിശദമാക്കുന്നത്.
പരിസ്ഥിതിയിൽ പതിവില്ലാത്ത രീതിയിൽ വരുന്ന മാറ്റങ്ങളാണ് സ്രാവുകളെ ഇത്തരത്തിൽ പ്രകോപനമില്ലാതെയുള്ള ആക്രമണത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. 38 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് ജനുവരിയിൽ ഓസ്ട്രേലിയയിലുണ്ടായത്. ബുൾ സ്രാവുകൾക്ക് അനുയോജ്യമായ സാഹചര്യം ഇത് തീരത്തിനോട് അടുത്ത് സൃഷ്ടിച്ചുവെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. മറ്റു സ്രാവുകൾ നിലനിൽക്കാൻ ആഗ്രഹിക്കാത്ത ചൂടുള്ളതും അഴിമുഖങ്ങളോട് ചേർന്നുള്ള വെള്ളവുമാണ് ഇവയെ തീരത്തോട് ആകർഷിക്കുന്നതെന്നാണ് സിഡ്നി സർവ്വകലാശാലയിലെ വിദഗ്ധർ വിശദമാക്കുന്നത്. സമീപകാലത്തെ മഴ വലിയ തോതിൽ കക്കൂസ് മാലിന്യമടക്കം അഴിമുഖത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇവ ചെറുമത്സ്യങ്ങളെ ആകർഷിക്കുന്നു. ഇതിനാൽ ആവശ്യത്തിന് ഭക്ഷണവും അഴിമുഖങ്ങളിൽ ബുൾ സ്രാവുകൾക്ക് തീരത്തിന് സമീപത്ത് ലഭിക്കുന്നുവെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. 30 വർഷത്തിനിടെ സ്രാവുകളുടെ ആക്രമണത്തിൽ ഓസ്ട്രേലിയയിൽ കാര്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam